മാഡ്രിഡ്: സമകാലിക ഫുട്ബോളിലെ തമ്പുരാക്കൻമാരാണ് ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. റെക്കോർഡ് ബുക്കിൽ പേര് ചേർക്കാനുളള ഇരുവരുടെയും മൽസരം ഫുട്ബോൾ ആരാധകർക്ക് ഹരം പകരുന്നതാണ്. ക്ലബിനും രാജ്യത്തിനുമായി ഗോളടിച്ച് കൂട്ടുന്ന ഈ താരങ്ങളുടെ പേരിൽ നിരവധി റെക്കോർഡുകളാണ് ഉളളത്. ചാമ്പ്യൻസ് ലീഗിലെ പ്രീക്വാർട്ടർ പോരാട്ടം അവസാനിക്കുമ്പോൾ റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുളള ഒരു റെക്കോർഡ് തകർത്തിരിക്കുകയാണ് ബാഴ്സിലോണ താരം ലയണൽ മെസി.
ചാമ്പ്യൻസ് ലീഗിൽ അതിവേഗം 100 ഗോൾ നേടുന്ന താരമെന്ന റെക്കോർഡാണ് ലയണൽ മെസി റൊണാൾഡോയിൽ നിന്ന് തട്ടിയെടുത്തത്. തന്റെ 123-ാം മൽസരത്തിലാണ് മെസി ഗോൾവേട്ടയിൽ സെഞ്ചുറി നേടുന്നത്. എന്നാൽ 144 മൽസരങ്ങളിൽ നിന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ 100 ഗോളുകൾ നേടിയത്.
ചെൽസിക്കെതിരെ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മൽസരത്തിലാണ് മെസി ഗോൾവേട്ടയിൽ മൂന്നക്കത്തിലേക്ക് കടന്നത്. മൽസരത്തിന്റെ 3, 63 മിനിറ്റുകളിലാണ് മെസി ചെൽസിയുടെ വലകുലുക്കിയത്. മൽസരത്തിൽ ചെൽസിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ച് ബാഴ്സിലോണ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു.
ചാമ്പ്യൻസ് ലീഗിൽ 7 ഹാട്രിക്കുകൾ വീതം ഇരുവരും നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിന്റെ ഈ സീസണിൽ 7 മൽസരങ്ങളിൽ നിന്ന് 12 നേടിയ ക്രിസ്റ്റ്യാനോയാണ് മുന്നിൽ. 6 മൽസരങ്ങളിൽ നിന്ന് 6 ഗോളുകൾ മാത്രമാണ് മെസിയുടെ സമ്പാദ്യം.