ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മെസിക്ക് ഇന്ന് 33-ാം പിറന്നാൾ. ഹോർമോണുകളുടെ കുറവും നിറംമങ്ങിയ ബാല്യവും കഥപറഞ്ഞ ഭൂതകലത്ത് നിന്ന് സ്വപ്നതുല്ല്യമായ യാത്രയിലൂടെ ലോകം കീഴടക്കിയ കാൽപ്പന്ത് കളിയിലെ മാന്ത്രികൻ ഇന്ന് ആരാധകരുടെ മിശിഹായാണ്. വീണിടത്തുനിന്ന് നിന്ന് ഉയിർത്തെഴുന്നേൽക്കാൻ ജീവിതത്തിലുടനീളം പഠിപ്പിച്ച മിശിഹ, വീഴ്ചകളുണ്ടാകുമെന്ന തിരിച്ചറിവിലേക്ക് നയിച്ച മിശിഹ…അസാധ്യമെന്ന് തോന്നുന്നിടത്ത് നിന്നെല്ലാം തന്റെ ക്ലബ്ബായ ബാഴ്സലോണയെയും അർജന്റീനയെയും മെസി തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.
ബാഴ്സലോണ vs എസി മിലാൻ (റൗണ്ട് ഓഫ് 16 ചാംപ്യൻസ് ലീഗ് – 2013)
ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനായിരുന്നു 2013ലെ ചാംപ്യൻസ് ലീഗിൽ ബാഴ്സയുടെ പ്രീക്വർട്ടർ എതിരാളികൾ. ആദ്യ പാദത്തിൽ 2-0ന്റെ തകർപ്പൻ ജയം സ്വന്തമാക്കിയ മിലാൻ ക്വർട്ടർ ബെർത്ത് ഏകദേശം ഉറപ്പിച്ചതാണ്. കാരണം ചാംപ്യൻസ് ലീഗിന്റെ ചരിത്രത്തിൽ അന്ന് വരെ ആദ്യ പാദത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്നൊരു ടീം ജയിച്ച് കയറിയിട്ടില്ല. എന്നാൽ മെസിയുടെ ബാഴ്സ ചരിത്രം തിരുത്തി.
ന്യൂ ക്യാംഫിൽ നടന്ന രണ്ടാം മത്സരത്തിൽ കളം നിറഞ്ഞ മെസിയുടെ നേതൃത്വത്തിൽ ബാഴ്സ കുതിച്ച് കയറി. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ മെസി ആദ്യം മിലാൻ വല ചലിപ്പിച്ചു. 40-ാം മിനിറ്റിൽ ലീഡ് ഉയർത്തി, അഗ്രിഗേറ്റ് സ്കോർബോർഡിൽ സമനിലയും. 55-ാം മിനിറ്റിൽ വില്ലയും രണ്ടാം പകുതിയുടെ അധിക സമയത്ത് (90+2) ജോർഡി ആൽബയും നേടിയ ഗോളുകൾ ബാഴ്സയ്ക്ക് തകർപ്പൻ ജയമൊരുക്കി.
Read Also: മെസി@33…റെക്കോർഡുകളുടെ രാജകുമാരനു ജന്മദിനം; വിജയഗോളൊരുക്കി ‘മിശിഹ’
എൽ ക്ലാസിക്കോ 3-2 ( ലാ ലീഗാ 2016-17)
സമകാലീന ഫുട്ബോളിൽ മെസിയുമായി പലപ്പോഴും താരതമ്യം ചെയ്യപ്പെടുന്ന താരമാണ് റൊണാൾഡോ. കേമൻ ആരെന്ന ചർച്ചകൾക്കിടയിലും സ്പാനിഷ് ലീഗിൽ ഫുട്ബോളിന്റെ എല്ലാ ആവേശവും നിറഞ്ഞ് നിൽക്കുന്ന പോരാട്ടങ്ങൾ ആരാധകർക്ക് സമ്മാനിക്കാൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. ഇരുവരും നേർക്കുന്നേർ വരുന്ന എൽ ക്ലാസിക്കോ പോരാട്ടം വലിയ ആവേശത്തോടെയാണ് ആരാധകർ ഉറ്റുനോക്കിയിരുന്നത്.
2016-2017 സീസണിൽ റയലിന്റെ തട്ടകമായ സാന്റിയാഗോയിൽ മെസിയും സംഘവും മാഡ്രിഡ് ആരാധകരെയും താരങ്ങളെയും ഞെട്ടിപ്പിക്കുന്ന തരത്തിലൊരു ജയം സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ലീഡെടുത്ത് ആധിപത്യം ഉറപ്പിച്ച റയലിന്റെ ബ്രസീലിയൻ താരം മാഴ്സലോയുടെ ഇടിയിൽ മൈതാനത്ത് രക്തം വാർന്ന മെസിയെയാണ് കണ്ടത്. എന്നാൽ കസെമിറോ നേടിയ ഗോളിന് പകരം വന്നതും മെസിയുടെ കാലിൽ നിന്നായിരുന്നു. റാക്കിട്ടിച്ചിന്റെ ഗോൾ ബാഴ്സയ്ക്ക് ലീഡ് സമ്മാനിച്ചെങ്കിലും ജെയിംസ് റോഡ്രിഗസ് ആതിഥേയരെ ഒപ്പമെത്തിച്ചു. 92-ാം മിനിറ്റിൽ വീണ്ടും മിശിഹായുടെ കാലുകൾ ലക്ഷ്യത്തിലേക്ക്, ബാഴ്സ 3-2ന് റയലിനെ കീഴടക്കി മടങ്ങി.
ഇക്വഡോർ vs അർജന്റീന (ലോകകപ്പ് യോഗ്യത മത്സരം 2017)
കോപ്പ അമേരിക്കയിലെ മനം തകർക്കുന്ന തോൽവിക്ക് ശേഷം ദേശീയ കുപ്പായം അഴിക്കുകയാണെന്ന മെസിയുടെ പ്രഖ്യാപനം ഇടനെഞ്ചിലേക്ക് കുത്തികയറിയ വാളായിരുന്നു ആരാധകർക്ക്. എന്നാൽ ആരാധകരുടെ നിലവിളികളോട് മുഖം തിരിക്കാൻ മിശിഹായ്ക്ക് ആകുമായിരുന്നില്ല. 2018ൽ രാജ്യത്തെ ലോകകപ്പ് വേദിയിലെത്തിക്കുക എന്ന ദൗത്യവുമായി മെസി ഇക്വഡോർ മല കയറാൻ തുടങ്ങി. യോഗ്യത പോലും നഷ്ടമാകും എന്ന അവസ്ഥയിലായിരുന്നു മെസിയുടെ തിരിച്ചുവരവ്, അത് അർജന്റീനയുടെയും കൂടെ തിരിച്ചുവരവാകുന്നതിന് ലോകം സാക്ഷി.
Read Also: Horoscope Today June 24, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
റൊമാരിയോ ഇബ്ബാറയുടെ ഗോളിൽ മുന്നിലെത്തിയ ഇക്വഡോർ അർജന്റീനിയൻ പ്രതീക്ഷകളെ തളർത്തുന്നതായിരുന്നു. എന്നാൽ രാജ്യാന്തര ഫുട്ബോൾ കണ്ട ഏറ്റവും മികച്ച ഒറ്റയാൾ പോരാട്ടത്തിലൂടെ അർജന്റീനയ്ക്ക് വിജയമൊരുക്കി സാക്ഷാൽ മെസി. സമുദ്ര നിരപ്പിൽ നിന്നും പതിനായിരം അടി മുകളിൽ മൂന്നടികളാൽ അദ്ദേഹം ചരിത്രമെഴുതി. 12, 20, 60 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോൾ. 3-1 അർജന്റീനയ്ക്ക് വിജയവും.
അർജന്റീന vs നൈജീരിയ (ലോകകപ്പ് 2018)
ജീവിതത്തിനും മരണത്തിനുമിടയിൽ മെസിയുടെ തോളിലേറി അർജന്റീന നിന്ന മറ്റൊരു നിമിഷം. ഗ്രൂപ്പ് ഘട്ടത്തിൽ കുഞ്ഞന്മാരായ ഐസ്ലൻഡിനോട് സമനിലയും ക്രൊയേഷ്യയോട് നാണംകെട്ട തോൽവിയും ഏറ്റുവാങ്ങിയ അർജന്രീനയ്ക്ക് മുന്നോട്ട് പോകാൻ ജയം കൂടിയെ തീരു. നായകനായി മുന്നിൽ നിന്ന് നയിക്കാൻ മെസിക്ക് ഉത്തരവാദിത്വവുമുണ്ട്. 14-ാം മിനിറ്റിൽ മിശിഹയുടെ കാലിൽ നിന്ന് വിരിഞ്ഞ മനോഹര ഗോൾ ഉയർത്തെഴുന്നേൽപ്പെന്ന സൂചന നൽകി.
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ മഷറാനോയുടെ പിഴവിൽ നേടിയ പെനാൽറ്റി നൈജീരിയ മുതലാക്കിയതോടെ സമനില. എന്നാൽ മുന്നോട്ട് കുതിച്ച് മെസിയും കൂട്ടാളികളും ജയത്തിന് അത്രത്തോളം ദാഹിച്ചിരിക്കണം. ലെഫ്റ്റ് ഡിഫൻഡർ മെർക്കാഡോയുടെ കുതിപ്പ് മിഡ്ഫീൽഡർ റോഹോ വലയിലെത്തിക്കുമ്പോൾ അർജന്റീന ജയമുറപ്പിച്ചു.
2005ൽ ആദ്യമായി ബാഴ്സയ്ക്ക് വേണ്ടി ഗോൾ വല ചലിപ്പിച്ച 17 കാരൻ മെസി അന്ന് അത് ആഘോഷിച്ചത് ഇതിഹാസ താരം റൊണാൾഡിഞ്ഞോയുടെ തോളിലേറിയായിരുന്നു. അന്ന് മുതൽ ഇന്ന് വരെ മെസിയുടെ തോളിലാണ് ബാഴ്സലോണയെന്ന് നിസംശയം പറയാം. ബാഴ്സ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായ കാർലോസ് പുയോൾ പറഞ്ഞത് ഭാവിയിൽ ബാഴ്സലോണ എന്ന ക്ലബ്ബ് അറിയപ്പെടാൻ പോകുന്നത് മെസി കളിച്ചിരുന്ന ക്ലബ്ബ് എന്നായിരിക്കും എന്നാണ്.
അസ്തമയത്തിനു ശേഷം ഒരു പ്രഭാതമില്ലെങ്കിൽ അതൊരു സൂര്യനല്ലായിരിക്കണം. കുരിശുമരണത്തിനു ശേഷം ഒരു ഉയിർത്തെഴുന്നേൽപ്പില്ലെങ്കിൽ അയാളൊരു മിശിഹ അല്ലായിരിക്കണം. അടയാളങ്ങളും അത്ഭുതങ്ങളും ഇനിയും മിശിഹായിൽ നിന്ന് പ്രതീക്ഷിക്കാം. പരസ്യ ജീവിതം അവസാനിച്ചിട്ടില്ല!