റയലിൽ നിന്നും യുവന്റസിലേക്ക് ചേക്കേറിയ സൂപ്പർ താരം ക്രിസ്റ്റ്യാനോയ്ക്ക് ഇതുവരെ തന്റെ കാൽക്കരുത്ത് ഗോളാക്കി മാറ്റാൻ സാധിച്ചിട്ടില്ല. എന്നാൽ നേരെ എതിർദിശയിൽ ഫുട്ബോളിന്റെ ഇന്നത്തെ സൂപ്പർ താരങ്ങളിൽ മറ്റൊരാളായ മെസ്സി, ബാഴ്‌സ കുപ്പായത്തിൽ റെക്കോഡുകൾ തകർക്കുകയാണ്.
ഹുഎസ്‌കെയ്ക്ക് എതിരായ മത്സരത്തിൽ മെസി ക്യാപ്റ്റനായ ബാഴ്‌സ ടീം നേടിയത് ആരെയും അമ്പരപ്പിക്കുന്ന വിജയമാണ്. ഹുഎസ്‌കെയുടെ ഗോൾ പോസ്റ്റിലേക്ക് പാഞ്ഞടുത്ത ബാഴ്‌സ സംഘം നേടിയത് എട്ട് ഗോളുകളാണ്. ഹുഎസ്‌ക രണ്ടെണ്ണം മടക്കി. മെസ്സിയും സുവാരസും ഇരട്ടഗോളുകൾ നേടിയ മത്സരം മറ്റൊരു റെക്കോഡ് നേട്ടത്തിന് സാക്ഷ്യം വഹിച്ചു.
മറ്റാരുമല്ല, മെസ്സി തന്നെയാണ് ആ റെക്കോഡ് പട്ടത്തിന്റെയും ഉടമ. ലാലിഗയിൽ ഇന്നലത്തെ മത്സരത്തിലൂടെ 150 അസിസ്റ്റ് എന്ന ഒന്നാം നമ്പർ നേട്ടത്തിന് കൂടിയാണ് ഫുട്ബോളിലെ മിശിഹ അർഹനായത്. മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ മെസ്സി, രണ്ട് ഗോളുകൾക്കാണ് അസിസ്റ്റ് ചെയ്തത്.
ഒന്നാം പകുതിയിൽ മൂന്നാം മിനിറ്റിലാണ് ഹുഎസ്‌ക ലീഡെഡുടത്തത്. എന്നാൽ അതിന് മറുപടി നിമിഷനേരം കൊണ്ട് മെസി നൽകി. രണ്ടാം പകുതിക്ക് 11 മിനിറ്റ് മാത്രം അവശേഷിക്കെയാണ് മെസ്സി രണ്ടാമത്തെ ഗോൾ നേടിയത്. അത് ബാഴ്‌സയുടെ ആറാമത്തെ ഗോളായിരുന്നു.
മത്സരത്തിൽ ഇവാൻ റാക്കിടിച്ചിനും ജോർദി അലബയ്ക്കും ഗോളടിക്കാനുളള അവസരമാണ് മെസ്സി നൽകിയത്. ഇതോടെ 21ാം നൂറ്റാണ്ടിൽ 150 അസിസ്റ്റുകൾ നേടുന്ന ആദ്യ താരമായി അദ്ദേഹം മാറി. 143 അസിസ്റ്റുമായി സെസ്‌ക് ഫാബ്രിഗസും, 123 അസിസ്റ്റുമായി മെസുത് ഓസിലുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുളളത്. എന്നാൽ ഇവർ രണ്ടുപേരും കളിക്കുന്നത് സ്‌പെയിനിലല്ല. അതിനാൽ തന്നെ ലാലിഗയിൽ എതിരാളികളില്ലാത്ത രാജാവായി മെസ്സി മാറുകയാണ്.
രണ്ട് ഗോളുകൾ നേടിയ മെസ്സി 93ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സുവാരസിന് വിട്ടുകൊടുത്തു. ഹാട്രിക് നേടാമായിരുന്ന അവസരം വിട്ടുകൊടുക്കാൻ അദ്ദേഹം തീരുമാനിച്ചതിനെ വാഴ്ത്തുകയാണ് ഫുട്ബോൾ ലോകം.