ലാലീഗയിൽ ബാഴ്സിലോണ കിരീടത്തോട് അടുക്കുന്നു. ഇന്നലെ നടന്ന മത്സരത്തിൽ 1 എതിരെ 3 ഗോളുകൾക്ക് ബാഴ്സിലോണ ലെഗാനസിനെ തകർത്തു. സൂപ്പർ താരം ലിയണൽ മെസിയുടെ ഹാട്രിക്കാണ് ബാഴ്സിലോണയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്.

ന്യൂകാംമ്പിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബാഴ്സ വിജയം ഉറപ്പിച്ചിരുന്നു. 27 ആം മിനുറ്റിൽ മഴവില്ലിനെ അനുസ്മരിപ്പിക്കുന്ന ഫ്രീകിക്ക് ഗോളിലൂടെയാണ് മെസി ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 32 ആം മിനുറ്റിൽ കുട്ടീഞ്ഞോ നൽകിയ പാസിൽ നിറയൊഴിച്ച് മെസി ബാഴ്സയുടെ ലീഡ് രണ്ടായി ഉയർത്തി.

68 ആം മിനുറ്റിൽ നബിൽ അൽ സഹറിലൂടെ ലെഗാനസ് ഒരു ഗോൾ മടക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത മിനുറ്റിൽത്തന്നെ മെസി ഹാട്രിക്ക് തികയ്ക്കുകയും ബാഴ്സയുടെ പട്ടിക പൂർത്തിയാക്കുകയും ചെയ്തു.

ലീഗിൽ 31 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 79 പോയിന്റുമായി ബാഴ്സ ബഹുദൂരം മുന്നിലാണ്. 30 മത്സരങ്ങളിൽ നിന്ന് 67 പോയിന്റ് മാത്രമുളള അത്‌ലറ്റിക്കൊ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്. ഇന്നലെത്തെ ജയത്തോടെ തോൽവി അറിയാത്ത 34 മത്സരങ്ങൾ ബാഴ്സ പിന്നിട്ടു കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ