കാറ്റലോണിയ: കാര്‍ഡിഫ് സിറ്റി സ്‌ട്രൈക്കര്‍ എമിലിയാനോ സാലയ്ക്കായി കണ്ണീരൊഴുക്കി ഫുട്‌ബോള്‍ ലോകം. താരത്തിന്റെ തിരിച്ചു വരവിനായി ആരാധകരും ലോകവും ഒരുപോലെ പ്രാര്‍ത്ഥിക്കുകയാണ്. അര്‍ജന്റീനന്‍ താരമായ സാലയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ലയണല്‍ മെസിയും രംഗത്തെത്തി.

ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിലൂടെയായിരുന്നു മെസി തിരച്ചില്‍ നടത്തുന്ന സംഘത്തോട് തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടത്.”പ്രതീക്ഷയുടെ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍, സാധ്യതയുള്ളിടത്തോളം എമിലിയാനോയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരണം. അവന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ എല്ലാ പിന്തുണയും പ്രാര്‍ത്ഥനയും അറിയിക്കുന്നു” എന്നായിരുന്നു മെസിയുടെ പോസ്റ്റ്.

‘പ്രേ ഫോര്‍ സാല’ എന്ന ഹാഷ് ടാഗോടു കൂടിയായിരുന്നു മെസിയുടെ പോസ്റ്റ്. തിങ്കളാഴ്ച്ച മുതലാണ് സാലയെ കാണാതായത്. ലീഗ് വണ്‍ ക്ലബ്ബായ നാന്റെസിന്റെ താരമായ സാല പുതിയ ടീമായ കാര്‍ഡിഫിലേക്ക് പോകും വഴിയെ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിലാവുകയായിരുന്നു. മൂന്ന് ദിവസം തിരഞ്ഞിട്ടും സാലയും പൈലറ്റ് ഡേവിഡിനേയും കണ്ടെത്താനായിട്ടില്ല. ഇതോടെ തിരച്ചില്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. അതേസമയം, തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സാലയുടെ സഹോദരിയും രംഗത്തെത്തിയിരുന്നു. വിതുമ്പി കരഞ്ഞു കൊണ്ടായിരുന്നു സാലയുടെ സഹോദരി റോമിന മാധ്യമങ്ങളോട് സംസാരിച്ചത്.

”പ്ലീസ്, പ്ലീസ്, പ്ലീസ് തിരച്ചില്‍ അവസാനിപ്പിക്കരുത്. നിങ്ങളുടെ അധ്വാനത്തെ മനസിലാക്കുന്നുണ്ട്. ഞങ്ങള്‍ക്ക് അവരിപ്പോഴും ജീവിച്ചിരിക്കുന്നവരാണ്. ഇപ്പോള്‍ ഞങ്ങളുടെ വികാരം ബോധ്യപ്പെടുത്താന്‍ കഴിയില്ല. വളരെ കഠിനമാണത്. എമിലിയാനോ ഒരു പോരാളിയാണ്. അവര്‍ക്കായി തിരയുന്നത് അവസാനിക്കരുത്, പ്ലീസ്. മൂന്ന് ദിവസമായി. പക്ഷെ അവര്‍ ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷ എനിക്കിപ്പോഴുമുണ്ട്. ഒന്നും അറിയാത്ത അവസ്ഥ ഭീകരമാണ്. ഒന്നിനേ കുറിച്ചും ഞങ്ങള്‍ക്ക് വ്യക്തയില്ല.” റോമിന പറഞ്ഞു.

അര്‍ജന്റീനന്‍ താരങ്ങളായ സെര്‍ജിയോ അഗ്യൂറോ, നിക്കോളാസ് ഓട്ടമെന്റി എന്നിവരും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലു തിരച്ചില്‍ തുടരാന്‍ അപേക്ഷിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ