/indian-express-malayalam/media/media_files/uploads/2018/12/modric.jpg)
പാരീസ്: വിരമിക്കുന്നതും റയലിനൊപ്പമായിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ബാലന്‍ ദി ഓര്‍ ജേതാവ് ലൂക്കാ മോഡ്രിച്ച്. ക്രിസ്റ്റ്യാനോയും മെസിയേയും പിന്തള്ളി ഒരു ദശാബ്ദത്തിന് ശേഷം പുരസ്‌കാരം നേടുന്ന താരമായി മാറിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഡ്രിച്ച്.
''രണ്ട് വര്‍ഷം കൂടി എനിക്കുണ്ട്. ചിലപ്പോള്‍ അതില്‍ കൂടുതലും. ക്ലബ്ബ് എനിക്ക് തന്നത് സ്‌നേഹം മാത്രമാണ്. അതുകൊണ്ട് തന്നെ ഇതേ ക്ലബ്ബില്‍ കളിച്ചു തന്നെ വിരമിക്കാനാണ് എനിക്ക് ഇഷ്ടം'' മോഡ്രിച്ച് പറഞ്ഞു.
നീണ്ട പത്ത് വര്‍ഷക്കാലം മെസ്സിയും റൊണാള്‍ഡോയും മാറി മാറി കൈവശം വച്ചുപോന്ന ബാലന്‍ ദി ഓര്‍ പുരസ്‌കാരം ഇക്കുറി ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന് ലഭിച്ചു.
ലോകമെമ്പാടുമുളള സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകള്‍, അവസാന മുപ്പതംഗ പട്ടികയില്‍ നിന്ന് വോട്ടെടുപ്പിലൂടെയാണ് മികച്ച ഫുട്‌ബോള്‍ താരത്തെ തിരഞ്ഞെടുത്തത്. ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനു പിന്നാലെയാണ് ലൂക്ക മോഡ്രിച്ച് ബാലന്‍ ദി ഓര്‍ പുരസ്‌കാരവും സ്വന്തമാക്കുന്നത്. ഒരു ദശാബ്ദക്കാലം ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫുട്‌ബോള്‍ ലോകത്ത് നിലനിര്‍ത്തിപ്പോന്ന അപ്രമാദിത്വത്തിനേറ്റ തിരിച്ചടി കൂടിയായി ഇത്.
പാരിസില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക നല്‍കുന്ന പുരസ്‌കാരം മോഡ്രിച്ച് ഏറ്റുവാങ്ങി. വോട്ടെടുപ്പില്‍ മോഡ്രിച്ചിന് 753 പോയിന്റ് ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 476പോയിന്റാണ് സ്വന്തമാക്കാനായത്. മൂന്നാമതെത്തിയ അന്റോയ്ന്‍ ഗ്രീസ്മാന്‍ 414 പോയിന്റും നേടി. ഫ്രാന്‍സ് താരം കിലിയന്‍ എംബാപെയാണ് നാലാമത്. മെസ്സിക്ക് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
എംബാപെയാണ് മികച്ച അണ്ടര്‍21 താരം. പാരീസില്‍ നടന്ന പുരസ്‌കാരദാന ചടങ്ങ് മെസ്സിയുടെയും റൊണാള്‍ഡോയുടെയും അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. 2007 ന് ശേഷം ഇതാദ്യമായാണ് ഇവരാരെങ്കിലും ഒരാളില്ലാതെ ഈ പുരസ്‌കാരദാന ചടങ്ങ് നടക്കുന്നത്.
ലോകകപ്പില്‍ ക്രൊയേഷ്യയ്ക്ക് വേണ്ടിയും ചാംപ്യന്‍സ് ലീഗില്‍ റയല്‍ മഡ്രിഡിന് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുത്തതാണ് മോഡ്രിച്ചിനെ പുരസ്‌കാരത്തിന് പ്രാപ്തനാക്കിയത്. ലോകകപ്പില്‍ രണ്ടാം സ്ഥാനം കൊണ്ട് ക്രൊയേഷ്യ തൃപ്തിപ്പെടേണ്ടി വന്നെങ്കില്‍, ചാംപ്യന്‍സ് ലീഗില്‍ റയലിനെ ജേതാക്കളാക്കുന്നതില്‍ മോഡ്രിച്ച് പ്രധാന പങ്കാണ് വഹിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us