scorecardresearch

ബാറ്റ് പിടിച്ച നാള്‍ മുതല്‍ ആക്രമിച്ച് കളിക്കാനിഷ്ടം; ട്വന്റി 20യില്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനം തിരിച്ചുപിടിച്ച് ഷെഫാലി വര്‍മ

ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ വീണ്ടും ഒന്നാമതെത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, നന്നായി ബാറ്റ് ചെയ്യുകയും ടീമിനെ വിജയത്തിലെത്തിക്കുകയുമാണ് ലക്ഷ്യമെന്നായിരുന്നു ഷെഫാലിയുടെ മറുപടി

ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ വീണ്ടും ഒന്നാമതെത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, നന്നായി ബാറ്റ് ചെയ്യുകയും ടീമിനെ വിജയത്തിലെത്തിക്കുകയുമാണ് ലക്ഷ്യമെന്നായിരുന്നു ഷെഫാലിയുടെ മറുപടി

author-image
Sports Desk
New Update
Cricket, ക്രിക്കറ്റ്, Shafali Verma, ഷെഫാലി വര്‍മ, Shefali Verma batting, ഷെഫാലി വര്‍മ ബാറ്റിങ്, Shefali Verma T20, ഷെഫാലി വര്‍മ ട്വന്റി 20, IE Malayalam, ഐഇ മലയാളം

ലക്നൗ: വനിതാ ക്രിക്കറ്റില്‍ ബാറ്റ് കൊണ്ട് ഇതിനോടകം തന്നെ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ഷെഫാലി വര്‍മയ്ക്കായിട്ടുണ്ട്. തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളിലൂടെ ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഈ പതിനേഴുകാരി. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി 20യില്‍ കേവലം 30 പന്തുകളില്‍നിന്ന് ഷെഫാലി നേടിയത് 60 റണ്‍സ്. ഏഴ് ഫോറും അഞ്ച് സിക്സുമടങ്ങിയ ഇന്നിങ്സ്.

Advertisment

മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ 130 റണ്‍സാണ് ഷെഫാലിയുടെ സമ്പാദ്യം. സ്ഥിരതയാര്‍ന്ന ബാറ്റിങ് ഷെഫാലിയെ പരമ്പരയിലെ മികച്ച താരമാക്കി മാറ്റി. അവസാന കളിയില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നതും ഷെഫാലിയുടെ മികവിലായിരുന്നു. മത്സരശേഷമുള്ള ചടങ്ങിൽ തന്റെ ശൈലിയുടെ പിന്നിലെ രഹസ്യം ഷെഫാലി വെളിപ്പെടുത്തിയിരുന്നു.

"പരിശീലനം നടത്തുമ്പോള്‍ ആക്രമിച്ച് കളിക്കാനാണ് ശ്രമിക്കാറ്. അതില്‍ തന്നെ കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്യും. ബാറ്റ് പിടിച്ച നാള്‍ മുതല്‍ ഈ രീതിയാണ് പിന്തുടരുന്നത്," ഷെഫാലി പറഞ്ഞു. ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ വീണ്ടും ഒന്നാമതെത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന്, നന്നായി ബാറ്റ് ചെയ്യുകയും ടീമിനെ വിജയത്തിലെത്തിക്കുകയുമാണ് ലക്ഷ്യമെന്നായിരുന്നു മറുപടി.

Read Also: പ്രസിദ്ധ് കൃഷ്ണയും ക്രുണാല്‍ പണ്ഡ്യയും, കളിയുടെ ഗതിമാറ്റിയ അരങ്ങേറ്റങ്ങള്‍

Advertisment

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ സുനേ ലൂസും ഷെഫാലിയെ പുകഴ്ത്താന്‍ മറന്നില്ല. ഇത്തരത്തിലുള്ള പ്രകടനം പുറത്തെടുത്താല്‍ ഷെഫാലിയെ പിടിച്ചുനിര്‍ത്താന്‍ പ്രയാസമാണെന്നും ഉറപ്പായും ഇതിഹാസമായി മാറുമെന്നും ലൂസ് പ്രതികരിച്ചു.

വനിതാ വിഭാഗത്തില്‍ ഇന്ത്യക്കുവേണ്ടി ട്വന്റിയില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഷെഫാലി. ഇതിനോടകം 22 മത്സരങ്ങളില്‍നിന്ന് 617 റണ്‍സ് നേടിയിട്ടുണ്ട്. 148.31 ആണ് പ്രഹരശേഷി. 2020 ട്വന്റി 20 ലോകകപ്പില്‍ സ്മൃതി മന്ദാനയ്ക്കൊപ്പം ഓപ്പണിങ്ങിന് ഇറങ്ങിയ ഷെഫാലി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയിരുന്നു.

എന്നാല്‍ ഇതുവരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഷെഫാലിക്കായിട്ടില്ല. ഏകദിന ടീമിലേക്ക് തിരഞ്ഞെടുക്കാത്തത് എന്തെങ്കിലും പോരായ്മകള്‍ ഉള്ളതുകൊണ്ടാകാം എന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. ഇതിനെ സംബന്ധിച്ച് ക്യാപ്റ്റനോടോ പരീശീലകരോടോ ചോദിച്ചിട്ടില്ല. കായികക്ഷമത വര്‍ധിപ്പിച്ച് മികച്ച രീതിയില്‍ കളിക്കുകയെന്നതാണ് ലക്ഷ്യം. സാവധാനം ഏകദിന ടീമിലേക്ക് എത്താനാകുമെന്നും ഷെഫാലി കൂട്ടിച്ചേര്‍ത്തു.

Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: