പാരിസ്: സൂപ്പർ താരം നെയ്മർ ഇല്ലാതിറങ്ങിയിട്ടും പിഎസ്ജിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത 3 ഗോളുകൾക്ക് നീസിനെയാണ് പിഎസ്ജി തകർത്തത്. എഡിസൻ കവാനിയുടെ ഇരട്ട ഗോളുകളാണ് പിഎസ്ജിക്ക് തിളക്കമാർന്ന വിജയം സമ്മാനിച്ചത്.
മാഴ്സെയ്ക്കെതിരെ നടന്ന മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട നെയ്മർ ഇല്ലാതെയാണ് പിഎസ്ജി കളത്തിൽ ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിൽത്തന്നെ ഡിമരിയയുടെ ഫ്രീക്കിക്കിൽ തലവച്ച് കവാനി പിഎസ്ജിക്ക് ലീഡ് നൽകി. 31-ാം മിനിറ്റിൽ ഡിമരിയയുടെ പാസിൽ നിറയൊഴിച്ച് കവാനി പിഎസ്ജിയുടെ ലീഡ് ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ നീസ് താരം ഡാന്റെയുടെ സെൽഫ് ഗോൾ പിഎസ്ജിയുടെ വിജയം ഉറപ്പിച്ചു.
11 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി പിഎസ്ജിയയാണ് ലീഡിൽ ഒന്നാം സ്ഥാനത്ത്. മൊണാക്കോയാണ് രണ്ടാം സ്ഥാനത്ത്.