ഗോള്‍ പോസ്റ്റിന്റെ കാവല്‍ക്കാരനായ ഗോള്‍കീപ്പര്‍ മുന്നോട്ട് കയറി വന്ന് പന്ത് സേവു ചെയ്യുന്നതും ഗോള്‍ അടിക്കുന്നതുമെല്ലാം നാം കണ്ടിട്ടുണ്ട്. ഫുട്‌ബോളില്‍ ഗോള്‍ കീപ്പറെന്ന പോലെ ക്രിക്കറ്റിലുളളത് വിക്കറ്റ് കീപ്പറാണ്. ഗോള്‍ കീപ്പര്‍ പോസ്റ്റിന് മുന്നിലാണെങ്കില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റമ്പിന് പിന്നിലാണെന്ന് മാത്രം.

ചെന്നൈയായാലും ഇന്ത്യയായാലും ജയിക്കാന്‍ വേണ്ടി ഏതറ്റം വരേയും പോകും ധോണി. കളിയോടുള്ള ധോണിയുടെ ആത്മാര്‍ത്ഥ ഒന്നു വേറെ തന്നെയാണ്. അതിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഇന്നത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം. മിന്നല്‍ സ്റ്റമ്പിംഗും റണ്ണൗട്ടുമൊക്കെ കാണിച്ച് ഞെട്ടിച്ചിട്ടുള്ള ധോണിയുടെ ഇതുവരെ കാണാത്തൊരു രൂപമാണ് ഇന്നു കണ്ടത്.

തന്റെ കീപ്പിംഗ് പൊസിഷനില്‍ നിന്നും ബൗണ്ടറി ലൈന്‍ വരെ ഓടിയെത്തി ഫോര്‍ രക്ഷപ്പെടുത്തിയാണ് ധോണി കയ്യടി ഏറ്റുവാങ്ങിയത്. ബെംഗളൂരുവിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ക്വിന്‍ണ്‍ ഡികോക്ക് ഉയര്‍ത്തി അടിച്ച പന്ത് ബൗണ്ടറി ലൈനിലിനരികിലായിരുന്നു വീണത്. ക്യാച്ചിനായ വിക്കറ്റിന് പിന്നില്‍ നിന്നും ഓടിയെത്തിയെങ്കിലും ധോണി വൈകി പോയിരുന്നു. പക്ഷെ അങ്ങനെയങ്ങ് വിട്ടു കൊടുക്കാന്‍ ധോണി തയ്യാറായില്ല. പന്ത് ബൗണ്ടറി കടക്കുന്നത് തടഞ്ഞു കൊണ്ട് ധോണി നിര്‍ണ്ണായകമായ റണ്‍സുകള്‍ തടയുകയായിരുന്നു.

അതേസമയം, ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ബെംഗളൂരുവിന് ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. നായകന്‍ വിരാട് കോഹ്ലിയെയാണ് നഷ്ടമായത്. 18 റണ്‍സുമായാണ് കോഹ്ലി പുറത്തായത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡികോക്കും എബി ഡിവില്യേഴ്‌സുമാണ് ക്രീസില്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ