വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഓപ്പണർമാരായ രോഹിത് ശർമയുടെയും കെ.എൽ.രാഹുലിന്റെയും സെഞ്ചുറി മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്. രോഹിത് 159 റൺസെടുത്തും രാഹുൽ 102 റൺസെടുത്തുമാണ് പുറത്തായത്. മത്സരത്തിൽ സെഞ്ചുറി നേടിയശേഷമുളള രാഹുലിന്റെ ആഘോഷം ഏവരുടെയും ശ്രദ്ധ നേടിയിരുന്നു. ടീം ഇന്ത്യയ്ക്കായി തന്റെ റോൾ നന്നായി ചെയ്തുവെന്നും പുറത്തുനിന്നുള്ള ശബ്ദമൊന്നും തന്നെ ശല്യപ്പെടുത്തുന്നില്ലെന്നും വിമർശകരോട് പറയാൻ ശ്രമിച്ചതുപോലെ സെഞ്ചുറി തികച്ചശേഷം രാഹുൽ കൈകൾകൊണ്ട് ചെവി മൂടുകയായിരുന്നു.
വ്യത്യസ്തമായ തന്റെ സെഞ്ചുറി ആഘോഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ രാഹുലിന്റെ മറുപടി ഇതായിരുന്നു, ”എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് വ്യക്തതയുണ്ടായിരുന്നു. എന്റെ ഉത്തരവാദിത്തമെന്തെന്ന് എനിക്കറിയാം. ആ ആഘോഷം നിഗൂഢമായി തന്നെ തുടരട്ടെ. ഇന്നു എന്റെ ദിവസമാണ്. ഞാൻ നന്നായി ബോളുകളെ നേരിട്ടു, ഭാഗ്യത്തിന് അതെല്ലാം നല്ല സ്കോർ നേടിത്തന്നു. ഞാനും രോഹിത്തും തമ്മിലുള്ള എല്ലാ സംഭാഷണങ്ങളും കൂടുതലും തന്ത്രപരമാണ്, ഞങ്ങൾ അത് ആസൂത്രണം ചെയ്യുകയും നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു, ഞങ്ങളുടെ പ്ലാനുകളെല്ലാം ഇന്ന് നടപ്പായതിൽ സന്തോഷമുണ്ട്.” ശിഖർ ധവാൻ പരുക്കേറ്റ് വിശ്രമത്തിലായതിനാലാണ് രാഹുലിന് ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചത്.
Read Also: ‘ഹിറ്റ്’ ട്രിക്ക്; രാജ്യാന്തര ക്രിക്കറ്റിൽ ചരിത്രമെഴുതി കുൽദീപ് യാദവിന്റെ ഹാട്രിക്ക്
ഒന്നാം വിക്കറ്റിൽ 227 റൺസാണ് രോഹിതും രാഹുലും ചേർന്ന് അടിച്ചെടുത്തത്. വിശാഖപട്ടണത്ത് ഇന്ത്യയുടെ 17 വർഷം പഴക്കമുള്ള റെക്കോർഡും ഇരുവരും ചേർന്ന് തിരുത്തിയെഴുതി. ഏകദിനത്തിൽ ഇന്ത്യയുടെ ഓപ്പണിങ് സഖ്യം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് വിശാഖപട്ടണത്ത് പിറന്നത്. 17 വർഷം പഴക്കമുള്ള സൗരവ് ഗാംഗുലി-വീരേന്ദർ സേവാഗ് കൂട്ടുകെട്ടിന്റെ റെക്കോർഡാണ് രാ-രോ സഖ്യം മറികടന്നത്. 2002ൽ വെസ്റ്റ് ഇൻഡീസിനെതിരെ തന്നെയാണ് ഇരുവരും 196 റൺസ് അടിച്ചെടുത്തത്. ഇതാണ് വിശാഖപട്ടണത്ത് രോഹിത്തും രാഹുലും തങ്ങളുടെ പേരിൽ തിരുത്തിയെഴുതിയത്.
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തിയിട്ടുണ്ട്. വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തിൽ 107 റൺസിനാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 388 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 280 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ബാറ്റിങ്ങിൽ ഓപ്പണർമാരുടെ സെഞ്ചുറിയും ബോളിങ്ങിൽ കുൽദീപ് യാദവിന്റെ ഹാട്രിക് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.