കൊച്ചി:തന്റെ മകനെ മത വിശ്വാസത്തിലേക്ക് നയിക്കില്ലെന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സികെ വിനീത്. കഴിഞ്ഞ മാസം 23ാം തിയ്യതിയായിരുന്നു വീനിത് അച്ഛനായത്. കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രിയില്‍ വച്ചായിരുന്നു കുട്ടിയുടെ ജനനം.
‘എന്റെ മകന് ജീവിക്കാന്‍ മതം വേണ്ട, അവന്റെ വിശ്വാസവും വഴിയും അവന്‍ തന്നെ തെരഞ്ഞെടുക്കട്ടെ.’ വിനീത് പറയുന്നു. മുന്‍പും കളികളത്തിന് പുറത്ത് നടക്കുന്ന കാര്യങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട് വിനീത്. കൊച്ചിയില്‍ നടന്ന ക്വിയര്‍ പ്രൈഡ് മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വിനീത് തന്റെ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.
മകനെ ഒരു മതത്തിന്റേയും ചട്ടക്കൂട്ടില്‍ വളര്‍ത്തുന്നില്ല എന്ന് പറയുമ്പോള്‍ അവന്റെ വിശ്വാസത്തെ അവന്‍ തന്നെ തെരഞ്ഞെടുക്കട്ടെ എന്നാണ് വിനീതിന്റെ പക്ഷം. കണ്ണൂര്‍ സ്വദേശിയായ ശരണ്യയാണ് വിനീതിന്റെ ഭാര്യ.
അതേസമയം, ബ്ലാസ്റ്റേഴ്‌സ് ടീമിലെ വിനീതിന്റെ സ്ഥാനത്തെ ചൊല്ലിയുള്ള ആശങ്കകള്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. താരവും ടീം അധികൃതരും തമ്മില്‍ ധാരണയായെന്നും അടുത്ത സീസണില്‍ വിനീത് ടീം വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വിനീതിനെ തങ്ങളുടെ തട്ടകത്തിലേക്ക് എത്തിക്കാനായി കോപ്പലാശാന്റെ ജെഷംഡ്പൂര്‍ എഫ്‌സിയും എടികെയും ശ്രമം തുടങ്ങിയെന്നാണ് കേള്‍ക്കുന്നത്. വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും ആരാധകര്‍ ആശങ്കയിലാണ്.
നേരത്തെ താരത്തെ തിരികെ ടീമിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു എഫ്‌സിയുടെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഐ ലീഗില്‍ ബെംഗളൂരുവിന്റെ താരമായിരുന്ന വിനീതിനെ ആ സീസണിലാണ് ബ്ലാസ്റ്റേഴ്‌സ് സൈന്‍ ചെയ്യുന്നത്. അതുവരെ താരം ലോണ്‍ അടിസ്ഥാനത്തിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ കളിച്ചത്.