ഇന്തോനേഷ്യന്‍ ഫുട്ബോളിലെ മികച്ച ഗോള്‍കീപ്പറായ ഷൊയ്‍രുള്‍ ഹുദ സഹതാരവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ പെര്‍സേലയുടെ ഗോളിയായിരുന്നു 38കാരനായ ഹുദ. പ്രതിരോധ താരമായ റാമോണ്‍ റോഡ്റിഗസുമായി കൂട്ടിയിടിച്ചാണ് അദ്ദേഹം അപകടത്തില്‍ പെട്ടത്.

സീമെന്‍ പദാംഗിനെതിരായ മത്സരത്തില്‍ ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അപകടം ഉണ്ടായത്. എതിര്‍താരത്തിന്റെ മുന്നേറ്റം തടയാനായി ഓടി വന്ന് പന്ത് തടുക്കാന്‍ ശ്രമിക്കവെ സഹതാരത്തിന്റെ കാല്‍മുട്ടിന് മുഖം ഇടിക്കുകയായിരുന്നു.

അപകടം നടന്നയുടനെ ബോധം ഉണ്ടായിരുന്ന ഹുദ മുഖത്തെ വേദന കൊണ്ട് അല്‍പനേരം മൈതാനത്ത് ഇരുന്നെങ്കിലും നില ഗുരുതരമാവുകയായിരുന്നു. ഉടന്‍ തന്നെ നെഞ്ച് വേദന അനുഭവപ്പെടുന്നതായി അദ്ദേഹം സഹകളിക്കാരോട് പറഞ്ഞു. സ്ട്രെച്ചറില്‍ കിടത്തി ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ലമോംഗനിലെ റീജിയണല്‍ ജനറല്‍ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം അഞ്ച് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഫുട്ബോള്‍ താരങ്ങളും പരിശീലകരും അധികൃതരുമെല്ലാം ആശുപത്രിയില്‍ എത്തിയിരുന്നു. ഹുദയുടെ വിയോഗം ടീമിന് തീരാനഷ്ടമാണെന്ന് പെര്‍സെല പരിശീലകന്‍ അജി സാന്റോസോ പറഞ്ഞു. ശക്തമായ ഇടിയെ തുടര്‍ന്ന് തലയ്ക്കും കഴുത്തിലും ഉണ്ടായ പരുക്കാണ് മരണകാരണമാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook