ന്യൂഡൽഹി: ക്രിക്കറ്റിലെ വാതുവയ്‌പും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന് കേന്ദ്ര നിയമ കമ്മീഷന്റെ ശുപാർശ. കേന്ദ്ര നിയമ മന്ത്രാലയത്തിന് സമർപ്പിച്ച പുതിയ റിപ്പോർട്ടിലാണ് കമ്മീഷൻ ഈ ശുപാർശ നൽകിയിരിക്കുന്നത്. കറൻസി രഹിത ഇടപാടുകളിലൂടെയും പാൻ നമ്പറും ആധാറുമായി ബന്ധിപ്പിച്ചും ഇതു നിയമ വിധേയമാക്കാനാകുമെന്നും കള്ളപ്പണം ഒഴുക്കാനുള്ള സാധ്യതകൾ ഇതുമൂലം ഒഴിവാകുമെന്നും നിയമ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഒത്തുകളി അടക്കമുള്ള തട്ടിപ്പ് തടയാൻ ഇക്കാര്യത്തിൽ ശക്തമായ നിയമ സംവിധാനം വേണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. വാതുവയ്പ് നടപടികൾക്ക് നികുതി ഏർപ്പെടുത്തണമെന്നും വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള എളുപ്പവഴിയാണ് ഇതെന്നും കമ്മിഷന്റെ നിർദ്ദേശത്തിൽ പറയുന്നു.
ഐപിഎൽ മത്സരങ്ങളോട് അനുബന്ധിച്ച് ബിസിസിഐയ്ക്കെതിരേ ഉയർന്ന വാതുവയ്പ് ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ആർ.എം.ലോധ കമ്മിറ്റി, ക്രിക്കറ്റിലെ വാതുവയ്പ് നിയമവിധേയമാക്കുന്നത് പരിശോധിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതാണ് നിയമ കമ്മിഷൻ പരിശോധിച്ചത്. ക്രിക്കറ്റിനെ പോലെ മത്സരാടിസ്ഥാനത്തിൽ നടക്കുന്ന കായിക ഇനങ്ങളിൽ വാതുവയ്‌പും ചൂതാട്ടവും പൂർണമായി നിരോധിക്കുന്നതു കൊണ്ട് കള്ളപ്പണം വ്യാപകമാക്കാനേ സഹായിക്കൂ. ഇതു നിയമവിധേയമാക്കുകയും ശക്തമായ നിരീക്ഷണ സംവിധാനം കൊണ്ടുവരികയും ചെയ്താൽ ഇതിലൂടെയുള്ള നികുതി വരുമാനം സർക്കാരുകൾക്കു ലാഭകരമാക്കാമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ 18 വയസിന് താഴെയുള്ളവരെ വാതുവയ്പ് നടത്താൻ അനുവദിക്കരുത്, വാതുവയ്പിന് ഉയർന്ന പരിധി നിശ്ചയിക്കണം, കറൻസി രൂപത്തിൽ പണം കൈമാറരുത്, വാതുവയ്പിലെ എല്ലാ സാമ്പത്തിക ഇടപാടുകളും ഡിജിറ്റൽ രൂപത്തിലായിരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും കമ്മിഷൻ സമർപ്പിച്ചിട്ടുണ്ട്. അനധികൃത വാതുവയ്പ് സംഭവങ്ങൾ പൂർണമായി തടയാൻ കഴിയാത്തതിനാൽ ശക്തമായ നിയമത്തിലൂടെ ഇവയെ നിയന്ത്രിക്കുകയാണ് വേണ്ടതെന്നും കമ്മിഷൻ സമർപ്പിച്ച നിർദ്ദേശത്തിൽ പറയുന്നു.