ലോകമെമ്പാടുമുള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് സുപരിചിതനായ മുൻ ലോക ഒന്നാം നമ്പർ താരം ലീ ചോങ് വെയ്ക്ക് ക്യാൻസർ ബാധയെന്ന് സ്ഥിരീകരണം. കഴിഞ്ഞ കുറച്ച് നാളുകളായി കോർട്ടിൽ നിന്നും വിട്ട് നിൽക്കുന്ന താരത്തിന് ശ്വാസതടസ്സമായിരുന്നെന്നായിരുന്നു വാർത്തകൾ. എന്നാൽ താരം കാൻസർ ബാധിതനാണെന്ന കാര്യം ഇപ്പോൾ സ്ഥിരീകരിച്ചത് മലേഷ്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ തന്നെയാണ്. ലീ ചോങ് വെയ്‍ക്ക് മൂക്കിൽ ബാധിച്ച അർബുദത്തിന് ചികിത്സയിലാണെന്ന് മലേഷ്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡാറ്റോ ശ്രി നോര്‍സ സക്കരിയയാണ് മാധ്യമങ്ങളെ അറിയിച്ചത്.

എന്നാൽ താൻ ഉടൻ തന്നെ കോർട്ടിലേക്ക് മടങ്ങിയെത്തുമെന്ന് താരം ആരാധകരെ അറിയിച്ചു. ലീ ചോങ് വെയ്ക്ക് അർബുദബാധയാണെന്ന് സ്ഥിരീകരണം വന്ന് പിന്നാലെയാണ് താരം തന്നെ പ്രതികരിച്ചിരിക്കുന്നത്. ഓഡിയോ സന്ദേശത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഈ വർഷം നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുശേഷം ലീ ചോങ് വെയ് കളിക്കളത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ലീ ചോങ് തായ്‌വാനില്‍ ചികിത്സയിലാണെന്നും ആരോഗ്യ സ്ഥിതിയിൽ മെച്ചപ്പെടുന്നുണ്ടന്നും ബാഡ്മിന്റണ്‍ അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. താരത്തിനായി പ്രാര്‍ത്ഥിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തര്‍ക്കും അസോസിയേഷന്‍ പ്രസിഡന്റ് ഡാറ്റോ നന്ദി പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ താരത്തിന്റെ സ്വകാര്യത എല്ലാവരും മാനിക്കേണ്ടതുണ്ട്. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളുമെല്ലാം അദ്ദേഹത്തോടപ്പം തായ്‌വാനിലാണെന്നും ചികിത്സയോട് അതിവേഗം പ്രതികരിക്കുന്ന താരത്തിന്റെ ആരോഗ്യസ്ഥിതിയിൽ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ശ്രദ്ധാലുക്കളാണെന്നും ഏതു തരത്തിലുള്ള സഹായവും ലീ ചോങ്ങിനു നല്‍കുമെന്നും ഡാറ്റോ പറഞ്ഞു.

ലോക റാങ്കിങ്ങിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള താരമാണ് ലീ ചോങ്. മൂന്നു തവണ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ നേടിയ താരത്തിന് പക്ഷേ ഒളിമ്പിക്‌സിലോ ഏഷ്യന്‍ ഗെയിംസിലോ ലോക ചാമ്പ്യന്‍ഷിപ്പിലോ സ്വര്‍ണം നേടാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നു തവണ ലോക ചാമ്പ്യന്‍ഷിപ്പിലും ഒരു തവണ ഏഷ്യാഡിലും താരം റണ്ണറപ്പായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ