ഡേവിസ് കപ് ടെന്നിസിൽ ഏറ്റവും അധികം ഡബിൾസ് വിജയങ്ങളെന്ന ചരിത്ര നേട്ടം കൊയ്താണ് ഇന്ത്യൻ താരം ലിയാണ്ടർ പേസ് കഴിഞ്ഞ മാസം 43ാം വിജയം സ്വന്തമാക്കിയത്. ചൈനീസ് സഖ്യം മോ ക്സിൻ ഗോംഗ്- സെ ഴാംഗ് സഖ്യത്തിനെതിരെ രോഹൻ ബൊപ്പണ്ണയ്ക്ക് ഒപ്പം വിജയം നേടിയതോടെയാണ് ടൂർണ്ണമെന്റിലെ ഏറ്റവും കൂടുതൽ വിജയമെന്ന റെക്കോഡ് പേസ് സ്വന്തം പേരിലാക്കിയത്.

43 വിജയങ്ങളില്‍ പാതിയും മഹേഷ് ഭൂപതിക്കൊപ്പമാണ്. 24 മത്സരങ്ങളിൽ തുടർച്ചയായി വിജയിച്ച റെക്കോഡാണ് പേസ്-ഭൂപതി സഖ്യത്തിനുളളത്. 1990 ൽ സീഷൻ അലിക്കൊപ്പം ഡേവിസ് കപ്പിൽ അരങ്ങേറ്റം കുറിച്ച പേസ് നീണ്ട 28 വർഷമായി കളിക്കളത്തിലുണ്ട്. സീഷൻ അലിയാണ് ഇപ്പോൾ പേസിന്റെ കോച്ച്.
ഈ നേട്ടത്തോടെ പേസ് തന്റെ കരിയര്‍ അവസാനിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ 2040 വരെ കോര്‍ട്ടില്‍ തുടരാനുളള തന്റെ ആഗ്രഹമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. 2040ലെ വിംബിള്‍ഡണില്‍ സെറീന വില്യംസിന്റെ മകളോടൊപ്പം മിക്സ്ഡ് ഡബിള്‍സ് കളിക്കാനാണ് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത്. സെറീന പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിന് താഴെയാണ് ലിയാണ്ടര്‍ പേസ് കമന്റ് ചെയ്തിരിക്കുന്നത്. 2017 സെപ്തംബര്‍ 1നാണ് സെറീനയ്ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ഇതിന് ശേഷം സെറീന ഫെഡറല്‍ കപ്പിലൂടെ തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ തോല്‍വിയോടെയായിരുന്നു തുടക്കം.

സെറീനയുടെ ഒരു ട്വീറ്റിന് മറുപടിയായിട്ടായിരുന്നു പേസിന്റെ ട്വീറ്റ്. ‘2040 വിംബിള്‍ഡണില്‍ എനിക്കൊരു പാര്‍ട്ട്ണറെയാണ് ഞാന്‍ നോക്കുന്നത്. എനിക്ക് മറ്റൊരു വിജയത്തിനായി കുട്ടി അലക്സിസ് തയ്യാറായിരിക്കുമെന്ന് ഞാന്‍ കരുതിക്കോട്ടെ?’ എന്നായിരുന്നു പേസിന്റെ ട്വീറ്റ്.

എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ടെന്നീസ് താരങ്ങളിലൊരാളായ പേസ് ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റനാണ്. 1996–1997 വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും ഉന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ഇദ്ദേഹം അർഹനായി. 2001 -ൽ പത്മശ്രീ പുരസ്കാരവും നേടി.

8 ഡബിൾസ്, 6 മിക്സഡ് ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. ഡേവിസ് കപ്പിൽ ഇന്ത്യക്കായി പലതവണ അവിസ്മരണീയ പ്രകടനങ്ങൾ ഇദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. 1996 അറ്റ്ലാന്റ ഒളിമ്പിക്സിൽ ടെന്നിസ് സിംഗിൾസിൽ ഇന്ത്യക്കായി വെങ്കലം നേടിയതാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന നേട്ടം. ചെക്ക് താരം റാഡെക് സ്റ്റെപ്പനെക്കിനൊപ്പം 2013 ലെ യു. എസ് . ഓപ്പൺ ഡബിൾസ് വിജയത്തോടെ 40 വയസ്സിനു ശേഷം ഗ്രാൻഡ് സ്ലാം നേടുന്ന ആദ്യ കളിക്കാരൻ എന്ന നേട്ടവും പേസിനു സ്വന്തമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook