ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് എടിപി ഡബിള്‍സ് റാങ്കിങില്‍ ആദ്യ നൂറില്‍ നിന്നു പുറത്ത്. കഴിഞ്ഞ 19 വര്‍ഷത്തിനിടെ ആദ്യമായാണ് റാങ്കിങ് പട്ടികയില്‍ ലിയാന്‍ഡര്‍ പേസിന് തിരിച്ചടി നേരിടേണ്ടി വന്നത്. കഴിഞ്ഞ 19 വര്‍ഷമായി ഒരുതവണ പോലും പേസ് ആദ്യ നൂറില്‍ ഉള്‍പ്പെടാതിരുന്നിട്ടില്ല. ലിയാന്‍ഡര്‍ പേസ് ഇപ്പോള്‍ റാങ്ക് പട്ടികയില്‍ 101 -ാം സ്ഥാനത്താണ്.
ലിയാന്‍ഡര്‍ പേസിന് ഇപ്പോള്‍ ഉള്ളത് 856 പോയിന്റാണ്. റാങ്കിങ് പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ള നാലാമത്തെ ഇന്ത്യന്‍ താരമാണ് ഇപ്പോള്‍ ലിയാന്‍ഡര്‍ പേസ്. ഇന്ത്യയുടെ രോഹണ്‍ ബൊപ്പണ്ണ 38-ാം സ്ഥാനത്താണ്. ദിവിജ് ശരണ്‍ 46-ാം സ്ഥാനത്തും പൂരവ് രാജ് 93-ാം സ്ഥാനത്തുമാണ്.
Read Also: ‘ഇതെന്താണു പന്തേ!’ സ്റ്റംപിനു മുന്നില്‍ കയറി പന്തു പിടിച്ചു; തൊട്ടടുത്ത ഓവറില്‍ പകരം വീട്ടി, വീഡിയോ
രണ്ടായിരത്തിലാണ് ഇതിനു മുന്‍പ് പേസ് ആദ്യ നൂറില്‍ നിന്നു പുറത്തായിരിക്കുന്നത്. രണ്ടായിരത്തില്‍ റാങ്കിങ് പട്ടികയില്‍ പേസ് 118-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
2014 ലാണ് പേസ് ആദ്യ 10 റാങ്കില്‍ നിന്നു പുറത്തായത്. പിന്നീട് രണ്ടു വര്‍ഷത്തിനുശേഷം ആദ്യ അമ്പതില്‍ നിന്നും താരം പുറത്തായി. ഗ്രാന്‍ഡ് സ്ലം കിരീടം 18 തവണ നേടിയ താരമാണ് പേസ്. ഈ വര്‍ഷം സെപ്റ്റംബറില്‍ നടന്ന യുഎസ് ഓപ്പണില്‍ നിന്നു പുറത്തായ ശേഷം പേസ് പിന്നീട് കളിച്ചിട്ടില്ല.