ഡേവിസ് കപ് ടെന്നിസിൽ ഏറ്റവും അധികം ഡബിൾസ് വിജയങ്ങളെന്ന ചരിത്ര നേട്ടം കൊയ്ത് ഇന്ത്യൻ താരം ലിയാണ്ടർ പേസ്. ചൈനീസ് സഖ്യം മോ ക്സിൻ ഗോംഗ്- സെ ഴാംഗ് സഖ്യത്തിനെതിരെ രോഹൻ ബൊപ്പണ്ണയ്ക്ക് ഒപ്പം വിജയം നേടിയതോടെയാണ് ടൂർണ്ണമെന്റിലെ ഏറ്റവും കൂടുതൽ വിജയമെന്ന റെക്കോഡ് പേസ് സ്വന്തം പേരിലാക്കിയത്.

ഇതോടെ 43 വിജയങ്ങളാണ് ഡേവിസ് കപ്പിൽ ലിയാണ്ടർ പേസ് പൂർത്തിയാക്കിയത്. ഇതിൽ പാതിയും മഹേഷ് ഭൂപതിക്കൊപ്പമാണ്. 24 മത്സരങ്ങളിൽ തുടർച്ചയായി വിജയിച്ച റെക്കോഡാണ് പേസ്-ഭൂപതി സഖ്യത്തിനുളളത്. 1990 ൽ സീഷൻ അലിക്കൊപ്പം ഡേവിസ് കപ്പിൽ അരങ്ങേറ്റം കുറിച്ച പേസ് നീണ്ട 28 വർഷമായി കളിക്കളത്തിലുണ്ട്. സീഷൻ അലിയാണ് ഇപ്പോൾ പേസിന്റെ കോച്ച്.

പേസിനോട് കടുത്ത ശത്രുത പുലർത്തുന്ന താരങ്ങളാണ് ഭൂപതിയും ബൊപ്പണ്ണയും. ചൈനീസ് സഖ്യത്തോട് വെളളിയാഴ്ച മോശം തുടക്കത്തിലായിരുന്ന ഇന്ത്യൻ സഖ്യത്തിന് തിരിച്ചുവരവ് അത്യാവശ്യമായതോടെ ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ കടുത്ത നിബന്ധനയുമായി മുന്നോട്ട് വരികയായിരുന്നു. പേസിനൊപ്പം ഡബിൾസ് കളിച്ചേ മതിയാകൂ എന്ന് അസോസിയേഷൻ കടുത്ത നിലപാട് എടുത്തതോടെയാണ് ബൊപ്പണ്ണ കളിക്കാൻ സമ്മതിച്ചത്.

നിർണ്ണായക ഗെയിമിൽ 3-1 ന്റെ ലീഡ് നേടിയിരുന്ന ഇന്ത്യ 3-4 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് 5-6 എന്ന നിലയിൽ സെറ്റ് നിൽക്കെ സർവ്വീസ് ആരംഭിച്ച പേസിന്റെ കരുത്തിലാണ് മത്സരം വിജയിച്ചത്. വെളളിയാഴ്ച നടന്ന മത്സരത്തിൽ ചൈനീസ് ഡബിൾസ് സഖ്യത്തോട് ഇന്ത്യൻ സഖ്യം തോറ്റിരുന്നു. ഇതോടെ 0-2 ന്റെ ലീഡ് നേടിയ ചൈനീസ് സഖ്യത്തെ ഇന്ത്യ ഇതോടെ 2-2 എന്ന നിലയിലേക്ക് പിടിച്ചുനിർത്തി.

അടുത്ത രണ്ട് സിംഗിൾസ് മത്സരങ്ങളും ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് വേൾഡ് ഗ്രൂപ്പ് പ്ലേ ഓഫിൽ മുന്നോട്ട് പോകാനാവൂ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ