മുംബൈ: വിരമിക്കൽ പ്രഖ്യാപനം നടത്തി ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേര്. 2020 സീസൺ അവസാനത്തോടെ വിരമിക്കുമെന്ന് ലിയാണ്ടർ പേസ് അറിയിച്ചു. നിലവിൽ പര്യടനത്തിലുള്ള ഏറ്റവും പ്രായം കൂടിയ കളിക്കാരാണ് പേസ്.
ക്രിസ്മസ് ആശംസകൾ അറിയിച്ചുകൊണ്ടുള്ള ടിറ്റർ പോസ്റ്റിലാണ് ലിയാണ്ടർ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 2020-ല്‍ തിരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളില്‍ മാത്രമേ താരം കളിക്കുകയുള്ളൂവെന്നും അറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ഡേവിസ് കപ്പ് നേടിയ താരമാണ് ഈ നാൽപ്പത്താറുകാരൻ.
“ഒരു പ്രോ ടെന്നീസ് കളിക്കാരനെന്ന നിലയിൽ 2020 എന്റെ വിടവാങ്ങൽ വർഷമായി പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പുതിയ ടെന്നീസ് കലണ്ടറിനായി താൻ കാത്തിരിക്കുകയാണ്. അവിടെ ഞാൻ തിരഞ്ഞെടുത്ത കുറച്ച് ടൂർണമെന്റുകൾ കളിക്കും” ലിയാണ്ടർ പേസ് ട്വിറ്ററിൽ കുറിച്ചു.
Read Also: എന്റെ സ്വപ്നത്തിനപ്പുറം’: പ്രായം കൂടിയ ഒന്നാം നമ്പര്‍ ടെന്നീസ് താരമായി ഫെഡറര്‍
ഒളിമ്പിക്സ് മെഡൽ ഉൾപ്പടെ 66 കിരീട നേട്ടങ്ങള്‍ സ്വന്തമാക്കിയ ലിയാണ്ടര്‍ പേസ് ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും ലോകം കണ്ട എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോർട്ടിൽ കഠിനമായിരുന്നു പേസിന്റെ യാത്ര. 2016 ലാണ് തന്റെ അവസാന ഗ്രാൻസ്ലാം നേട്ടം സ്വന്തമാക്കിയത്. അവസാന ടൂർ കിരീടം ഒരു വർഷം മുമ്പ് ദക്ഷിണാഫ്രിക്കയുടെ റേവൻ ക്ലാസനുമൊത്ത് നേടി. ഈ വർഷം രണ്ട് ചലഞ്ചർ മത്സരങ്ങളുടെ ഫൈനലിലെത്തിയെങ്കിലും വിജയിക്കാനായില്ല. തുടർന്ന് 19 വർഷത്തിനിടെ ഇതാദ്യമായി മുൻ ലോക ഒന്നാം നമ്പർ താരം റാങ്കിങ്ങിൽ ആദ്യ 100 ൽ നിന്ന് പുറത്താവുകയും ചെയ്തു. നിലവിൽ 105-ാം സ്ഥാനത്താണ് പേസ്.
ടെന്നീസിൽ അരങ്ങേറ്റം കുറിച്ച് ഒരു വർഷത്തിനുശേഷം അദ്ദേഹം 1992 ൽ സ്പെയിനിലെ ബാഴ്സലോണയിൽ തന്റെ ആദ്യ ഒളിമ്പിക്സ് മത്സരത്തിൽപങ്കെടുത്തു. നാല് വർഷത്തിന് ശേഷം 1996 ൽ അറ്റ്ലാന്റയിൽ കെഡി ജാദവിന് ശേഷം സ്വതന്ത്ര ഇന്ത്യയ്ക്കായി വ്യക്തിഗത ഒളിമ്പിക് മെഡൽ നേടിയ രണ്ടാമത്തെ ഇന്ത്യക്കാരനായി ലിയാണ്ടർ പേസ് മാറി.
തന്റെ കരിയറിൽ മൊത്തം 18 ഗ്രാൻസ്ലാം കിരീടങ്ങളാണ് പേസിന്റെ പേരിലുള്ളത്. 2000-ത്തിന്റെ തുടക്കത്തിൽ മുഴുവൻ സമയവും ഡബിൾസ് കളിക്കുന്നതിലേക്ക് മാറിയതാണ് അദ്ദേഹത്തെ കായികരംഗത്തെ മഹാന്മാരിൽ ഒരാളാക്കി മാറ്റിയത്.
പുരുഷന്മാരുടെ ഡബിൾസിൽ എട്ട്, മിക്സഡ് ഡബിൾസിൽ 10 എന്നിങ്ങനെയാണ് ആ കിരീട നേട്ടങ്ങൾ. 1990 ലെ വിംബിൾഡണിലും 1991 ൽ യുഎസ് ഓപ്പണിലും അദ്ദേഹം നേടിയ രണ്ട് ജൂനിയർ സിംഗിൾസ് കിരീടങ്ങളും കരിയറിലെ പൊൻതൂവലാണ്.
1990 ല്‍ അര്‍ജുന അവാര്‍ഡ്, 1996 ല്‍ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം, 2001 ല്‍ പദ്മശ്രീ, 2014 ല്‍ പദ്മഭൂഷണ്‍ തുടങ്ങിയ പുരസ്കാരങ്ങള്‍ നല്കി രാജ്യം ലിയാണ്ടർ പേസിനെ ആദരിച്ചിട്ടുണ്ട്.