മഴയും ഓസ്ട്രേലിയയും ഒന്നിച്ച് കളിച്ചിട്ടും ടി20 പരമ്പര സമനിലയിൽ ആക്കിയ ഇന്ത്യക്ക് ഇനി ടെസ്റ്റ് പൂരം. നാല് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയായിൽ കളിക്കുക. ഡിസംബർ ആറിനാണ് ആദ്യ മത്സരം. അതിന് മുമ്പ് ക്രിക്കറ്റ് ഓസ്ട്രേല്യ ഇലവനുമായി ഇന്ത്യ പരിശീലന മത്സരവും കളിക്കും.

ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ വലിയ ചർച്ചകൾ നടക്കുന്നതും ഇന്ത്യ ഓസ്ട്രേലിയ പരമ്പരയുമായി ബന്ധപ്പെട്ട് തന്നെ. ഇതിഹാസങ്ങളും ആരാധകരും വിലയിരുത്തലുകളും പ്രവചനങ്ങളുമായി സജീവമാണ്. ഈ ഗണത്തിൽ ഏറ്റവും ഒടുവിൽ ശ്രദ്ധ നേടിയിരിക്കുന്നത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ വി വി എസ് ലക്ഷമൺ ആണ്.

ഓസ്ട്രേലിയൻ മണ്ണിൽ ഇതുവരെ ഒരു പരമ്പര നേട്ടം സ്വന്തമാക്കാൻ കഴിയാത്ത ടീമാണ് ഇന്ത്യ. ആ ചരിത്രം ഇക്കുറി കോഹ്‍ലിയും കൂട്ടരും മാറ്റി എഴുതുമെന്നാണ് ലക്ഷമൺ പറയുന്നത്. പരമ്പര ആര് വിജയിക്കുമെന്ന് മാത്രമല്ല, സ്കോർലൈനും ലക്ഷമൺ പ്രവചിക്കുന്നു. 3-1 നായിരിക്കും ഇന്ത്യയുടെ പരമ്പര ജയമെന്നാണ് ലക്ഷമണിന്റെ വാദം. താരത്തിനും പറയാനുള്ളത് സ്മിത്തിന്റെയും വാർണറടെയും അഭാവത്തെ കുറിച്ച് തന്നെ.

“ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ ടെസ്റ്റുകള്‍ സമനിലയാവാനുള്ള ഒരു സാധ്യതയും ഇല്ല. അതുകൊണ്ടുതന്നെ സ്റ്റീവ് സ്മിത്തും, ഡേവിഡ് വാര്‍ണറുമില്ലാതെ ഇറങ്ങുന്ന ഓസ്ട്രേലിയയെ കീഴടക്കാൻ ഇന്ത്യക്ക് സാധിക്കും. അത് സ്വന്തമാക്കാനുള്ള നിലവാരമുള്ള കളിക്കാര്‍ ഇന്ത്യൻ നിരയിൽ ഉണ്ട്. അവരെന്റെ പ്രവചനം യാഥാര്‍ത്ഥ്യമാക്കട്ടെയെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു കാരണം അവർക്ക് അതിന് സാധിക്കും,” ലക്ഷ്മണ്‍ പറഞ്ഞു.

ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബർ 6ന് ഓവലിൽ നടക്കും. രണ്ടാം ഡിസംബർ 14ന് പെർത്തിലാണ്. ഡിസംബർ 26ന് മെൽബണിൽ മൂന്നാം ടെസ്റ്റും, പുതുവർഷത്തിൽ ജനുവരി മൂന്നിന് ഡിഡ്നിയിൽ അവസാന മത്സരവും അരങ്ങേറും. അതിന് ശേഷം മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയും ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook