ചെന്നൈ: കേദാര്‍ ജാദവും പരുക്കുകളും ഐപിഎല്ലിലെ തുടര്‍ക്കഥയാണ്. കഴിഞ്ഞ സീസണില്‍ താരത്തിന് ഹാംസ്ട്രിങ് ഇഞ്ചുറിയായിരുന്നുവെങ്കില് ഇത്തവണ പരുക്കെത്തിയത് ഷോള്‍ഡര്‍ ഇഞ്ചുറിയായാണ്. ഐപിഎല്ലിന്റെ അവസാന ഘട്ടത്തിലേറ്റ പരുക്ക് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് തന്നെയാണ് കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. ഒരുമാസം പോലും ബാക്കിയില്ല വിശ്വപോരാട്ടത്തിന് എന്നത് ഇന്ത്യന്‍ ആരാധകരെ ആശങ്കപ്പെടുത്തുന്നതാണ്.
കഴിഞ്ഞ ദിവസം നടന്ന കിങ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തിനിടെയായിരുന്നു കേദാര്‍ ജാദവിന് പരുക്കേല്‍ക്കുന്നത്. പരുക്കേറ്റതിനെ തുടര്‍ന്ന് താരം മൈതാനം വിടുകയും ഫീല്‍ഡ് ചെയ്യാനിറങ്ങിയതുമില്ലായിരുന്നു. പരുക്ക് നിസാരമല്ലെന്നും രണ്ട് ആഴ്ചക്കുള്ളില്‍ താരം പൂര്‍ണ ആരോഗ്യവാനാകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
ലോകകപ്പ് മുന്നിലുള്ളതിനാല്‍ താരം ഇനിയുള്ള ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. കേദാറിന്റേത് സാരമായ പരുക്കല്ലെന്നും എന്നാല്‍ കളിക്കുന്നത് കൂടുതല്‍ പരുക്കേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്ലേ ഓഫ് മത്സരത്തില്‍ നിന്നും കേദാറിനെ ഒഴിവാക്കിയതായും ചെന്നൈ സൂപ്പര്‍ കിങ്സ് പ്രതിനിധി അറിയിച്ചിട്ടുണ്ട്.
”കേദാറിനെ എക്സ് റേ ടെസ്റ്റിന് വിധേയനാക്കും. നല്ലത് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവന്റെ ഇനിയുള്ള ശ്രദ്ധ ലോകകപ്പിലായിരിക്കും. ഗുരുതരമായൊന്നും സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം” കഴിഞ്ഞ മത്സര ശേഷം ചെന്നൈ പരിശീലകന് ഫ്ളെമ്മിങ് പറഞ്ഞ വാക്കുകളാണ്.