മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടതില്ലെന്ന് ഗായിക ലത മങ്കേഷ്‌കര്‍. ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തായതിനു പിന്നാലെ ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഭാരത രത്‌ന ജേതാവ് കൂടിയായ ലത മങ്കേഷ്‌കര്‍. ട്വിറ്ററിലൂടെയാണ് ലത മങ്കേഷ്‌കര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

Read Also: എന്തുകൊണ്ട് ധോണി ഇറങ്ങാന്‍ വൈകി? വിരാട് കോഹ്‌ലി മറുപടി പറയുന്നു

വിരമിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലയിടത്തു നിന്നായി കേള്‍ക്കുന്നു. എന്നാല്‍, ധോണി അങ്ങനെ ചിന്തിക്കരുത്. ഈ രാജ്യത്തിന് നിങ്ങളെ വേണം. വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യരുതെന്ന് ധോണിയോട് അഭ്യര്‍ഥിക്കുന്നതായും ലത മങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തു.

ധോണി വിരമിക്കുന്നതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പരന്നതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിരമിക്കുന്നതുമായി ബന്ധപ്പെട്ട് ധോണി ഒന്നും വ്യക്തമാക്കിയിട്ടില്ല എന്നാണ് കോഹ്‌ലി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

എം.എസ്.ധോണിയെ പിന്തുണച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നേരത്തെ രംഗത്തുവന്നിരുന്നു.  ‘എം.എസ്.ധോണിയുടെ ഏറ്റവും വലിയ നേട്ടം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അഞ്ചിന് മൂന്ന് വിക്കറ്റ് എന്ന അവസ്ഥയിലും 125 കോടി ആളുകള്‍ അദ്ദേഹത്തെ വിശ്വസിക്കുന്നു എന്നതാണ്,’ എന്ന് സ്മൃതി ഇറാനി കുറിച്ചു.

Read Also: ഒരു ജനതയുടെ വിശ്വാസത്തിന്റെ പേരാണ് ധോണി: സ്മൃതി ഇറാനി

നിർണായകമായൊരു മൽസരത്തിൽ അനുഭവ പരിചയമുളള എം.എസ്.ധോണിയെ പോലൊരു കളിക്കാരനെ നേരത്തെ ഇറക്കാതിരുന്നത് ശരിക്കും ഞെട്ടിക്കുന്നുവെന്നാണ് സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും പറഞ്ഞത്. ഹാർദിക് പാണ്ഡ്യക്കുപകരം 5-ാമനായി ധോണി ഇറങ്ങിയിരുന്നുവെങ്കിൽ കളിയിൽ വലിയ മാറ്റം വന്നേനെ. ധോണി തീർച്ചയായും എന്തെങ്കിലും ചെയ്‌തേനെ. ഇങ്ങനെയൊരു നിർണായക മൽസരത്തിൽ ധോണിയെ നേരത്തെ ഇറക്കി കളിയുടെ നിയന്ത്രണം കൈക്കലാക്കണമായിരുന്നു. മൽസരത്തിന്റെ അവസാനഘട്ടത്തിൽ ജഡേജയുമായി സംസാരിച്ച് ധോണിയാണ് കളി നിയന്ത്രിച്ചത്. വളരെ സമർത്ഥമായി അദ്ദേഹം സ്ട്രൈക്ക് നൽകിയെന്ന് സച്ചിൻ ഒരു വാർത്താ ചാനലിനോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook