കൊളംബോ: കായിക മന്ത്രിയെ കുരങ്ങനോട് ഉപമിച്ച ശ്രീലങ്കൻ ക്രിക്കറ്റ് താരം ലസിത് മല്ലിങ്കയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. കായിക മന്ത്രി ദയസിരി ജയശേഖരയാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. ശ്രീലങ്കൻ താരങ്ങളുടെ ഫിറ്റ്നസിനെക്കുറിച്ച് വിമർശിച്ചപ്പോൾ മല്ലിങ്കയുടെ പേര് പരാമർശിച്ചിട്ടില്ലെന്നും പക്ഷേ മല്ലിങ്ക പരസ്യമായി തന്നെ അപമാനിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഐസിസി ചാംപ്യൻസ് ട്രോഫി സെമി കാണാതെ പുറത്തായ ശ്രീലങ്കൻ താരങ്ങളെ കായികമന്ത്രി വിമർശിച്ചിരുന്നു. ലങ്കന്‍ താരങ്ങളെല്ലാം തടിയന്‍മാരാണെന്നും ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാത്തതിനാലാണ് മൽസരത്തിൽ പരാജയപ്പെട്ടതെന്നുമായിരുന്നു വിമര്‍ശനം. ഇതിനു മറുപടി പറയവേയാണ് കായികമന്ത്രിയെ മല്ലിങ്ക കുരങ്ങനോട് ഉപമിച്ചത്.

”മന്ത്രിക്ക് ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയില്ല. കസേരയിൽ വെറുതെയിരുന്ന് വിമർശിക്കുന്നവരെ ഞാൻ കണക്കിലെടുക്കാറില്ല. തത്തയുടെ കൂടിനെക്കുറിച്ച് കുരങ്ങന് എന്തറിയാനാണ്? തത്തയുടെ കൂട്ടിലേക്ക് തലയിട്ട് കുരങ്ങൻ അഭിപ്രായം പറയുന്നതു പോലെയാണിതെന്നായിരുന്നു” ഒരു ടെലിവിഷൻ ചാനലിനോട് മല്ലിങ്ക പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ