ശ്രീലങ്കൻ ഫാസ്റ്റ് ബോളർ ലസിത് മലിംഗ ഏകദിന ക്രിക്കറ്റിൽനിന്നും വിരമിക്കുന്നു. ബംഗ്ലാദേശിനെതിരായ മൂന്നു ഏകദിന മൽസരങ്ങളിൽ ആദ്യ മൽസരം കഴിയുമ്പോൾ മലിംഗ വിരമിക്കുമെന്ന് ശ്രീലങ്കൻ നായകൻ ദിമുത് കരുണരത്നെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ”മലിംഗ ആദ്യ ഏകദിനം കളിക്കും. അതിനുശേഷം വിരമിക്കും. അങ്ങനെയാണ് അദ്ദേഹം എന്നോട് പറഞ്ഞത്. സെലക്ടർമാരോട് അദ്ദേഹം പറഞ്ഞതെന്താണെന്ന് എനിക്കറിയില്ല, പക്ഷേ എന്നോട് ഒരു ഏകദിന മൽസരം മാത്രമേ കളിക്കൂവെന്നാണ് പറഞ്ഞത്,” കരുണരത്നെ പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.
ബംഗ്ലാദേശിനെതിരെ മൂന്നു ഏകദിന മൽസരങ്ങളാണ് ശ്രീലങ്ക കളിക്കുക. ജൂലൈ 26, 28, 31 തീയതികളിൽ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ശ്രീലങ്കയുടെ മൂന്നാമത്തെ കളിക്കാരനാണ് മലിംഗ. 219 ഇന്നിങ്സുകളിൽനിന്നായി ഇതുവരെ 335 വിക്കറ്റുകൾ നേടിയിട്ടുണ്ട് മലിംഗ. മുത്തയ്യ മുരളീധരൻ (523), ചാമിന്ദ വാസ് (399) എന്നിവരാണ് മലിംഗയ്ക്ക് മുന്നിലുളളവർ. ഏകദിന ക്രിക്കറ്റിൽ 2004 ലാണ് മലിംഗ അരങ്ങേറ്റം കുറിച്ചത്. ലോകകപ്പിൽ രണ്ടു ഹാട്രിക്കും, ഏകദിനത്തിൽ മൂന്നു ഹാട്രിക്കും നേടിയ ആദ്യ ബോളറാണ് മലിംഗ. നാലു ബോളിൽ തുടർച്ചയായി നാലു വിക്കറ്റുകൾ വീഴ്‌ത്തിയ ഒരേയൊരു ബോളറും മലിംഗയാണ്.
പരുക്കുകൾമൂലം മലിംഗയ്ക്ക് ഇടയ്ക്ക് രാജ്യാന്തര മൽസരങ്ങളിൽനിന്നും വിട്ടുനിൽക്കേണ്ടി വന്നിരുന്നു. 2016 ൽ ഒരു വർഷത്തേക്ക് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലുംനിന്ന് മലിംഗ വിട്ടുനിന്നിരുന്നു.
അതേസമയം, ഏകദിനത്തിൽനിന്നും വിരമിച്ചാലും ടി 20 യിൽ മലിംഗ തുടർന്നും കളിക്കും. അടുത്ത ടി 20 ലോകകപ്പിൽ താൻ കളിക്കുമെന്നും അതിനുശേഷം കരിയർ അവസാനിപ്പിക്കുമെന്നും ഈ വർഷമാദ്യം 35 കാരനായ മലിംഗ പറഞ്ഞിരുന്നു.