/indian-express-malayalam/media/media_files/uploads/2018/05/Lasit-Malinga.jpg)
കൊളംബോ: ഇത്തവണത്തെ ഐപിഎൽ ടീമിൽ ഇടംലഭിച്ചില്ലെങ്കിലും മുംബൈ ഇന്ത്യൻസിന്റെ ബോളിങ് ഉപദേശകനായി തുടരുന്ന ലസിത് മലിംഗയ്ക്ക് നാട്ടിലേക്ക് മടങ്ങാൻ അന്തിമശാസന. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡാണ് ആഭ്യന്തര മൽസരങ്ങളിൽ പങ്കെടുക്കാൻ വേണ്ടി താരത്തോട് നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തവണത്തെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിൽ ഇദ്ദേഹത്തെ വാങ്ങിയിരുന്നില്ല. എന്നിട്ടും 34കാരനായ താരത്തെ ബോളിങ് ഉപദേശകനായി നിലനിർത്താൻ ടീം തീരുമാനിച്ചിരുന്നു. ഇന്നാരംഭിച്ച അന്തർ സംസ്ഥാന ഏകദിന ടൂർണമെന്റിൽ കളിക്കാനെത്തണമെന്നാണ് നിർദേശം.
ഈ ടൂർണമെന്റിൽ നിന്നാണ് ദേശീയ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ ദേശീയ ടീമിൽ ഇടം ലഭിച്ചിട്ടില്ലാത്ത മലിംഗയോട് ദേശീയ ടീമിലേക്ക് തിരികെയെത്തണമെന്നുണ്ടെങ്കിൽ തിരികെ നാട്ടിലേക്ക് വരണമെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ ടീമിൽ പരിഗണിക്കാതിരുന്നതിനെ തുടർന്നാണ് മലിംഗ, മുംബൈ ഇന്ത്യൻസിന്റെ ടീമിനൊപ്പം ചേർന്നത്.
ഇന്റർ പ്രൊവിൻഷ്യൽ വൺഡേ ടൂർണമെന്റ് കളിച്ചില്ലെങ്കിൽ സെലക്ടർമാർ താരത്തെ ദേശീയ ടീമിലേക്കുളള സെലക്ഷനിൽ പരിഗണിക്കില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സിഇഒ ആഷ്‌ലി ഡിസിൽവ പറഞ്ഞു.
എന്നാൽ ജൂലൈയിൽ നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളിക്കാൻ താൻ ഫിറ്റാണെന്ന് പറഞ്ഞ മലിംഗ, ആഭ്യന്തര സീരീസ് കളിക്കാൻ ഒരുക്കമല്ലെന്നും നിലപാടെടുത്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.