കൊളംബോ: ശ്രീലങ്കൻ കായികമന്ത്രിയെ കുരങ്ങനോട് ഉപമിച്ച പേസ്ബൗളർ ലസിത് മലിങ്കയെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഒരു വർഷത്തേക്ക് വിലക്കി. ചാമ്പ്യൻസ് ട്രോഫിയിൽ ശ്രീലങ്ക സെമി കാണാതെ പുറത്തായതിനെ കായിക മന്ത്രി ദയസിരി ജയശേഖര വിമർശിച്ചിരുന്നു. ഇതിനെതിരെ ലസിത് മലിങ്ക നടത്തിയ പരാമർശമാണ് വിവാദമായത്. എങ്ങനെ കളിക്കണമെന്ന് താരങ്ങൾക്ക് അറിയാമെന്നും തത്തയുടെ കൂട്ടിൽ കുരങ്ങൻ ഇരിക്കുന്നത് പോലെയാണ് ജയശേഖര മന്ത്രിസ്ഥാനത്തിരിക്കുന്നതെന്നും മലിങ്ക പറഞ്ഞിരുന്നു.

മലിങ്കയ്ക്ക് എതിരെ നടപടി എടുക്കണമെന്ന് കായികമന്ത്രി ക്രിക്കറ്റ് ബോർഡിനെ അറിയിക്കുകയായിരുന്നു. ഒരു വർഷത്തേക്കുള്ള വിലക്ക് 6 മാസമാക്കി ചുരുക്കാൻ മലിങ്കയ്ക്ക് അവസരമുണ്ട്. മാച്ച് ഫീസിന്രെ 50 ശതമാനം പിഴ അടച്ചാൽ 6 മാസം വിലക്ക് നേരിട്ടാൽ മതിയാകും.

മന്ത്രിക്ക് ക്രിക്കറ്റിനെക്കുറിച്ച് കൂടുതൽ അറിവില്ലാഞ്ഞിട്ടാണ് ക്യാച്ചുകൾ കൈവിട്ടതിനെ ഇങ്ങനെ വിമർശിച്ചതെന്നും ഇതെല്ലാം കളിയുടെ ഭാഗമാണെന്നും മലിങ്ക പറഞ്ഞിരുന്നു. എന്നാൽ മലിങ്കയുടെ ഈ പരാമർശത്തെ ആരും പിന്തുണച്ചില്ല.

അടുത്ത ആഴ്ച നടക്കുന്ന സിംബാബ്‌വെയുമായുള്ള പരമ്പരയിൽ മലിങ്ക കളിക്കുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചതാണ്. ടീം ഇതിനകം സിംബാബ്‌വെയിൽ എത്തിയിട്ടുമുണ്ട്. വെള്ളിയാഴ്ചയാണ് സിംബാബ്‌വെയുടെ ലങ്കൻ പര്യടനം ആരംഭിക്കുന്നത്. അഞ്ച് ഏകദിനങ്ങളും ഒരു ടെസ്റ്റുമാണ് സിംബാബ്‌വെ ലങ്കൻ പര്യടനത്തിലുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook