Latest News

ഐപിഎൽ തന്റെ കരിയറിൽ ഗുണമേ ചെയ്തിട്ടുള്ളൂ; വിമർശകർക്ക് മലിംഗയുടെ മറുപടി

ഒരു കാരണവുമില്ലാതെ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ കുറിച്ചും മലിംഗ പ്രതികരിച്ചു

lasith malinga, ലസിത് മലിംഗ, malinga farewell, malinga speech, malinga sri lanka, sri lanka cricket, malinga slams, lasith malinga yorker
ബംഗ്ലാദേശിനെതിരായ തന്റെ അവസാന ഏകദിനമത്സരത്തിന് ശേഷം കൊളംബോയിലെ കാണികളെ അഭിസംബോധന ചെയ്ത് ലസിത് മലിംഗ നടത്തിയ വിടവാങ്ങൽ പ്രസംഗം, വിമർശകർക്കുള്ള മറുപടി കൂടിയായിരുന്നു. ഏകദിന ക്രിക്കറ്റിൽ വിക്കറ്റ് വേട്ടക്കാരിൽ ഒമ്പതാമനായാണ് മലിംഗ കരിയർ അവസാനിപ്പിക്കുന്നത്. തന്റെ കരിയറിനെ കുറിച്ചും ശ്രീലങ്കൻ ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തിൽ പിന്തുണ നൽകിയവരെ കുറിച്ചുമൊക്കെ വളരെ വൈകാരികമായിട്ടായിരുന്നു മലിംഗ സംസാരിച്ചത്. സിംഹള ഭാഷയിലായിരുന്നു മലിംഗയുടെ പ്രസംഗം.

ഐ‌പി‌എല്ലിൽ കൂടുതൽ കളിക്കാനും കൂടുതൽ പണം നേടാനും മാത്രമാണ് താൻ ടെസ്റ്റ് ക്രിക്കറ്റ് നേരത്തെ ഉപേക്ഷിച്ചതെന്ന വിമർശനത്തെയും വിമർശകരെയും അഭിസംബോധന ചെയ്യാനും മലിംഗ മറന്നില്ല. ” അത് ശരിയല്ല. ഞാനത് ചെയ്തത് രാജ്യത്തിനു വേണ്ടി കളിക്കാൻ വേണ്ടിയാണ്. അതെന്റെ ഏകദിന, ടി20 കരിയറിനെ മെച്ചപ്പെടുത്താനുള്ള അവസരം തന്നു. ഇനിയും ഞാൻ ടി20 മത്സരങ്ങൾ കളിക്കും, അടുത്ത ലോകകപ്പു വരെയെങ്കിലും.” മലിംഗ പറഞ്ഞു.

ഒരു കാരണവുമില്ലാതെ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു വർഷത്തെ കാലയളവിനെക്കുറിച്ചും മലിംഗ തന്റെ പ്രസംഗത്തിനിടെ പരാമർശിച്ചു. തന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ചതിന് ആരാധകരോട് നന്ദി പറഞ്ഞ മലിംഗ, 2014 ലെ ടി20 ഒലോകകപ്പിൽ തന്റെ ടീമിനെ നയിക്കാൻ അവസരം ലഭിച്ചതിലുള്ള കൃതഞ്ജതയും രേഖപ്പെടുത്തി.

തന്റെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച ഗാലെയിലെ അധ്യാപകരെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് മലിംഗ തന്റെ പ്രസംഗം ആരംഭിച്ചത്. പല അധ്യാപകരെയും പേരെടുത്ത് പരാമർശിച്ച മലിംഗ, തന്നെ കണ്ടെത്തിയ പരിശീലകനായ ചമ്പക രമനായകെയെ പ്രത്യേകം പരാമർശിച്ചു.

Read more: എല്‍എം, നിങ്ങളെ പോലൊരു മാച്ച് വിന്നറെ കണ്ടില്ല’; മലിംഗയ്ക്ക് ആശംസകളുമായി ബുംറയും രോഹിത്തും

“അഞ്ചു മണിയ്ക്കു ശേഷം വീട്ടിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നെങ്കിലും ഞാൻ ക്രിക്കറ്റ് കളിക്കാൻ ഒളിച്ചു പുറത്തു കടന്നിരുന്നു. എന്നെ അതിൽ നിന്നും പിൻതിരിപ്പിക്കാനാവില്ലെന്ന് അമ്മയ്ക്ക് അധികം വൈകാതെ മനസ്സിലായി. എന്റെ എല്ലാ മാച്ചുകളിലും അച്ഛൻ പങ്കെടുത്തു, അദ്ദേഹം എന്റെ ഏറ്റവും വലിയ പിന്തുണയായിരുന്നു,” മാതാപിതാക്കളെയും കുട്ടിക്കാലത്തെയും മലിംഗ ഓർത്തെടുത്തു.

തുടർന്ന് കൊളംബോയിൽ സ്ഥിരതാമസമാകാൻ തന്നെ സഹായിച്ച ഭാര്യയോടും മലിംഗ നന്ദി പറഞ്ഞു. അന്തരിച്ച ഭാര്യാമാതാവിന്റെ പാചകത്തെ പ്രകീർത്തിക്കാനും മലിംഗ മറന്നില്ല. കരിയറിൽ തനിക്കെന്നും പിന്തുണയായിരുന്ന മുൻ കളിക്കാരായ മാർവൻ അടപാട്ട്, മഹേല ജയവർധനെ, മുൻ പ്രസിഡന്റ് മഹീന്ദ്ര രജപക്സ എന്നിവരെയും മലിംഗ സ്നേഹപൂർവ്വം സ്മരിച്ചു.

സ്റ്റേഡിയത്തിലെ ഓരോ ആരാധകരെയും താൻ വ്യക്തിഗതമായി അഭിവാദ്യം ചെയ്യുന്നു എന്നു പറഞ്ഞാണ് മലിംഗ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

Read more: മായാത്ത ഓർമ്മകളുമായി മലിംഗ ഏകദിനം അവസാനിപ്പിക്കുന്നു

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ബോളര്‍മാരില്‍ ഒരാളായ മലിംഗയുടെ വിരമിക്കല്‍ ശ്രീലങ്കയെ സംബന്ധിച്ചിടത്തോളം അവരുടെ സുവര്‍ണ കാലഘട്ടത്തിന്റെ അവസാനം കൂടിയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ കഴിഞ്ഞ കുറെയേറെ നാളുകളായി ശ്രീലങ്കയുടെ മുഖമായിരുന്നു മലിംഗ. നിര്‍ണായകമായ ഓരോ വിജയങ്ങളിലും മലിംഗയുടെ കൈയ്യൊപ്പുണ്ടായിരുന്നു. ലോകത്തെ പേരുകേട്ട ബാറ്റിങ് നിരയെ വ്യത്യസ്തമായ ബോളിങ് ആക്ഷനിലൂടെയും വേഗതയേറിയ പന്തുകളിലൂടെയും മലിംഗ നേരിട്ടു. കൃത്യതയാര്‍ന്ന യോര്‍ക്കറുകളായിരുന്നു മലിംഗയുടെ പ്രധാന സവിശേഷത.

രണ്ട് തവണ ശ്രീലങ്കയെ ഏകദിന ലോകകപ്പ് ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് മലിംഗ. 2007ലും 2011ലും ലോകകപ്പ് കലാശപോരാട്ടത്തിന് യോഗ്യത നേടിയെങ്കിലും കിരീടം കൈവിട്ടുപോയി. 2009ലും 2012ലും ടി20 ലോകകപ്പ് ഫൈനലിലും ശ്രീലങ്ക പരാജയപ്പെട്ടു. 2014ല്‍ ആ കിരീടം ശ്രീലങ്ക സ്വന്തമാക്കുകയും ചെയ്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Lasith malinga emotional farewell speech

Next Story
ഐപിഎല്‍ മാതൃകയില്‍ വള്ളംകളി; ബോട്ട് ലീഗിന് ഓഗസ്റ്റ് പത്തിന് തുടക്കം, ഉദ്ഘാടനത്തിന് സച്ചിനെത്തും
The moderation of comments is automated and not cleared manually by malayalam.indianexpress.com