മാഡ്രിഡ്: ലാലിഗയിലെ എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിനെ തകർത്ത് ബാഴ്‌സലോണ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സയുടെ ജയം. ഇരട്ട ഗോളുകൾ നേടിയ പിയറെ എമറിക്ക് ഒബമയാങ് ആണ് ബാഴ്‌സയുടെ വിജയശില്പി. ഒബമയാങ്ങിന് പുറമേ റൊണാൾഡ് അറാഹോയും ഫെറാൻ ടോറസുമാണ് വലകുലുക്കിയത്.
മറുവശത്ത് കെരീം ബെൻസേമയില്ലാതെ ഇറങ്ങിയ റയൽ മാഡ്രിഡ് എൽ ക്ലാസിക്കോയിലെ നാണംകെട്ട തോൽവിയാണ് വഴങ്ങിയത്. ആദ്യം മുതൽ ബാഴ്‌സ പിടിമുറുക്കിയതോടെ റയൽ കളി കൈവിടുകയായിരുന്നു.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ ഒബമയാങ് ബാഴ്‌സലോണയുടെ ആദ്യ ഗോൾ കണ്ടെത്തി. ഡെംബെലെ നൽകിയ പാസ് കുർതോയെ നോക്കുകുത്തിയാക്കി ഒബമയാങ് വലയിലെത്തിക്കുകയായിരുന്നു. 38-ാം മിനിറ്റിൽ റൊണാള്‍ഡ് അറഹോയിലൂടെ രണ്ടാം ഗോൾ നേടി ബാഴ്‌സ ലീഡുയർത്തി.
രണ്ടാം പകുതിയിൽ റയൽ മാറ്റങ്ങളുമായാണ് ഇറങ്ങിയത്. എന്നാൽ രണ്ടാം മിനിറ്റിൽ തന്നെ ടോറസ് ലക്ഷ്യം കണ്ടു. 51-ാം മിനിറ്റിൽ ഒമ്പമായങ് രണ്ടാം ഗോളും നേടി റയലിന്റെ വിധി എഴുതി. ജയത്തോടെ പോയിന്റ് പട്ടികയിൽ ബാഴ്‌സലോണ മൂന്നാമതെത്തി. 28 കളിയില്‍ നിന്ന് 54 പോയിന്റുകളാണ് സമ്പാദ്യം.
അതേസമയം, തോൽവി റയലിന്റെ ഒന്നാം സ്ഥാനത്തെ ബാധിച്ചിട്ടില്ല. 29 മത്സരങ്ങളില്‍ 66 പോയിന്റുമായി തുടരുകയാണ്. 57 പോയിന്റുകളുള്ള സെവിയ്യയാണ് രണ്ടാം സ്ഥാനത്ത്.
Also Read: 2016, 2022; ചരിത്രം ആവര്‍ത്തിച്ചു; കപ്പിനും ചുണ്ടിനുമിടയില്‍ വീണ്ടും പെനാലിറ്റി ഷൂട്ടൗട്ട്