കോവിഡിൽ നിന്നും മുക്തനാകുന്നത് വളരെ സാഹസികമായ കാര്യമായിരുന്നെന്ന് ലക്ഷ്മിപതി ബാലാജി. സാഹസിക ടെലിവിഷൻ പരിപാടിയായ മാൻ വേഴ്സസ് വൈൽഡിലെ ഒരു എപ്പിസോഡിൽ ജീവിക്കുന്നത് പോലെ ആയിരുന്നു എന്നാണ് ബാലാജി തന്റെ കോവിഡ് രോഗ കാലത്തെ താരതമ്യം ചെയ്തത്.
മേയ് നാലിന് താരങ്ങളിലെ കോവിഡ് ബാധ മൂലം നിർത്തിവെച്ച ഐപിഎല്ലിൽ ചെന്നൈ ടീമിന്റെ ബോളിങ് പരിശീലകനായിരുന്നു ബാലാജി. ചെന്നൈ ടീം അംഗങ്ങളിൽ രോഗബാധിതരായതിൽ ഒരാളും ബാലാജിയായിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിലെ വൃദ്ധിമാൻ സാഹയും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബോളർമാരായ വരുൺ ചക്രവർത്തി, സന്ദീപ് വാരിയർ എന്നിവരും ഡൽഹി ക്യാപിറ്റൽസ് തരാം അമിത് മിശ്രയും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് ഐപിഎൽ നിർത്തിവെച്ചത്.
“മേയ് 02ന്, എനിക്ക് ചെറിയ അസ്വസ്ഥതകൾ അനുഭവപെട്ടു. എനിക്ക് ചെറിയ ശരീര വേദനയും മൂക്കടപ്പും ഉണ്ടായിരുന്നു. അന്ന് തന്നെ ഞാൻ ടെസ്റ്റ് ചെയ്തു, മേയ് 3ന് രാവിലെ ഞാൻ പോസിറ്റീവാണെന്ന് റിസൾട്ട് വന്നു. ഞാൻ ഞെട്ടി പോയി. ബയോ ബബിളിന്റെ സുരക്ഷിതത്വത്തിൽ നിന്ന് എന്നെയോ മറ്റുളവരെയോ അപകടത്തിലാക്കുന്ന ഒരു മാനദണ്ഡ ലംഘനവും ഞാൻ നടത്തിയട്ടിലായിരുന്നു.” 39 ക്കാരനായ ബാലാജി ഇഎസ്പിഎൻ ക്രിക്കിൻഫോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഞാൻ ഐസൊലേഷനിൽ ആയിരുന്നപ്പോൾ, എന്റെ തലയിലൂടെ ഒരു ചിന്ത കടന്നുപോയി. കോവിഡിൽ നിന്നും മുക്തനാകുന്നത്, ശാരീരികമായും മാനസികമായും മാൻ vs വൈൽഡിന്റെ ഒരു എപ്പിസോഡ് അനുഭവിക്കുന്ന പോലെയാണ്.”
“ഞാൻ പേടിച്ചിരുന്നോ? ആദ്യമൊക്കെ, എനിക്ക് എന്റെ വികാരങ്ങളെ പുറത്ത് പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. സുഹൃത്തുക്കളും കുടുംബാംഗങ്ങളും സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയതിന് ശേഷം 24 മണിക്കൂർ കഴിഞ്ഞാണ് ഞാൻ വിഷയത്തിന്റെ ഗൗരവത്തിലേക്ക് എത്തിയത്. ഞാൻ പേടിക്കാൻ തുടങ്ങി. ഐസൊലേഷന്റെ രണ്ടാം ദിവസം ഞാൻ സ്വയം ഞാൻ മനസിലാക്കി ഞാൻ സ്വയം നിരീക്ഷിക്കണം. എന്റെ എല്ലാ ആരോഗ്യ വിവരങ്ങളും ഞാൻ രേഖപ്പെടുത്തി. ശരിക്കും എനിക്ക് ഉത്കണ്ഠയുണ്ടായിരുന്നു.” ബാലാജി പറഞ്ഞു.
Read Also: ഇംഗ്ലണ്ടില്‍ റിഷഭ് പന്തായിരിക്കണം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍: വൃദ്ധിമാന്‍ സാഹ
ബാലാജിക്ക് പുറമെ ചെന്നൈയുടെ ബാറ്റിങ് പരിശീലകൻ മൈക്കിൾ ഹസ്സിയും പോസിറ്റീവ് ആയിരുന്നു. ഇരുവർക്കും മികച്ച പരിചരണം ലഭിക്കുന്നതിനായി ടീം മാനേജ്മെന്റ് ഇരുവരെയും ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് എയർ ആംബുലൻസിൽ എത്തിച്ചിരുന്നു.
“ചെന്നൈയിൽ എത്തിയ ശേഷം ഡൽഹിയിൽ വെച്ചുണ്ടായ ഉത്കണ്ഠ കോൺഫിഡൻസായി മാറിയിരുന്നു. മാനസികമായി ഞങ്ങൾ പോസിറ്റീവായി. ഞാനും ഹസ്സിയും തുടരെ ഫോണിലൂടെ മെസ്സേജ് അയക്കാൻ തുടങ്ങി. പുറത്തെ ആളുകളുടെ സ്ഥിതി വളരെ മോശമാണെന്ന് ഞങ്ങൾ മനസിലാക്കി. നല്ല പരിചരണം ലഭിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായി. മേയ് 14ന് ഞാൻ വീട്ടിലേക്ക് മടങ്ങി” ഇന്ത്യക്കായി 8 ടെസ്റ്റ് മത്സരങ്ങളും, 30 ഏകദിനങ്ങളും, അഞ്ച് ടി20 മത്സരങ്ങളും കളിച്ച ബാലാജി പറഞ്ഞു. “
ഇന്ത്യയിൽ നിന്ന് വരുന്ന സ്വന്തം പൗരന്മാർക്ക് ഓസ്ട്രേലിയ രണ്ടാഴ്ച കാലത്തേക്ക് ഏർപെടുത്തിയിരുന്ന യാത്ര വിലക്ക് മാറ്റിയ ശേഷം മേയ് 17ന് കോവിഡ് മുക്തനായ ഹസ്സി നാട്ടിലേക്ക് തിരിച്ചു പോയി.