നാണംകെട്ട് റയലും ബാഴ്‌സയും; ലാലിഗയിൽ വമ്പന്മാർക്ക് തോൽവി

ആറ് കളികളിൽ നിന്ന് റയലിനും ബാഴ്‌സയ്ക്കും ഇപ്പോൾ 13 പോയിന്റുണ്ട്. ഗോൾ ശരാശരിയിൽ റയൽ പിന്നിലാണ്.

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ വമ്പന്മാരായ റയൽ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കും കനത്ത തോൽവി. കുഞ്ഞൻ ടീമുകളാണ് വമ്പന്മാരെ നാണംകെടുത്തിയത്. സെവില്ലയോട് എതിരില്ലാത്ത മൂന്ന് ഗോളിന് റയൽ തോറ്റപ്പോൾ ബാഴ്‌സ അവസാന സ്ഥാനക്കാരായ ലെഗനസിനോട് 2-1 നാണ് തോറ്റത്.

കുട്ടിഞ്ഞോയുടെ ഗോളിൽ മുന്നിലെത്തിയ ശേഷമാണ് ബാഴ്‌സ തോറ്റത്. 12-ാം മിനിറ്റിലായിരുന്നു കുട്ടീഞ്ഞോ ലെഗനസിന്റെ വല കുലുക്കിയത്. ആദ്യ പകുതി പിന്നിട്ടപ്പോൾ ബാഴ്‌സയ്ക്കായിരുന്നു ലീഡ്. രണ്ടാം പകുതിയിൽ ബാഴ്‌സ ലീഡുയർത്തുമെന്നാണ് കരുതിയത്. എന്നാൽ 52-ാം മിനിറ്റിൽ നബിൽ സാഹർ ആദ്യ പ്രഹരം നൽകി. കണ്ണ് ചിമ്മി തുറക്കും മുൻപേ അടുത്ത മിനിറ്റിൽ ഓസ്‌കർ അർണാമിസും ബാഴ്‌സയുടെ വലയിൽ ഗോൾ നിറച്ചു.

ലീഡ് വഴങ്ങിയ ബാഴ്‌സ മത്സരത്തിലേക്ക് തിരികെ വരാൻ ആഞ്ഞ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ലെഗനസ് പ്രതിരോധനിര തീർത്ത കോട്ട മറികടക്കാൻ ബാഴ്‌സയുടെ പേരുകേട്ട അറ്റാക്കിങ് നിരയ്ക്ക് സാധിച്ചില്ല.

മറുവശത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ട ശേഷം റയൽ ശക്തി ക്ഷയിച്ച പുലിയെ ആണ് ഓർമ്മിപ്പിക്കുന്നത്. ലാലിഗയിൽ ഒന്നാം സ്ഥാനത്തെത്താനുളള അവസരമായിരുന്നു റയലിന്. എന്നാൽ സെവില്ല ഈ മോഹങ്ങൾക്ക് മീതെ കാർമേഘമായി പെയ്‌തിറങ്ങി.

പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ആന്‍ഡ്രെ സില്‍വയുടെ ഇരട്ട ഗോൾ പ്രഹരമാണ് റയലിനെ പ്രതിരോധത്തിലാക്കിയത്. കളിയുടെ 17-ാം മിനിറ്റിൽ തന്നെ സിൽവ ആദ്യ ഗോൾ നേടി. നാല് മിനിറ്റിന് ശേഷം രണ്ടാം ഗോളും സിൽവ ഗോൾ വലയിലേക്ക് അടിച്ച് കയറ്റിയതോടെ റയൽ ആകെ തകർന്നു. 39-ാം മിനിറ്റിലാണ് മൂന്നാം ഗോൾ പിറന്നത്. ബെൻ യദാർ ആണ് ഗോൾ നേടിയത്. ആറ് കളികളിൽ നിന്ന് റയലിനും ബാഴ്‌സയ്ക്കും ഇപ്പോൾ 13 പോയിന്റുണ്ട്. ഗോൾ ശരാശരിയിൽ റയൽ പിന്നിലാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: La liga roundup barcelona stunned by last place leganes real madrid go down 3 0 against sevilla

The moderation of comments is automated and not cleared manually by malayalam.indianexpress.com