ഏറെ പ്രതീക്ഷിച്ചിരുന്ന ലാ ലീഗ കിരീടം നഷ്ടമായതോടെ ടീമിനെതിരെ ആഞ്ഞടിച്ച് ബാഴ്സലോണ താരം ലയണൽ മെസി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആദ്യമായി ബാഴ്സലോണയിൽ നിന്ന് റയലിന് കിരീടം സ്വന്തമാക്കാൻ സാധിച്ചത് ടീം ദുർബലമായതുകൊണ്ടാണെന്ന് കുറ്റപ്പെടുത്തിയ മെസി ചാംപ്യൻസ് ലീഗ് കിരീടം സ്വന്തമാക്കണമെങ്കിൽ നിലവിലെ സ്ഥിതി മാറണമെന്നും പറഞ്ഞു. ഒസാസുനയോട് തോൽവി വഴങ്ങിയതിന് പിന്നാലെ ഒരു ടെലിവിഷൻ ചാനിലിനോട് സംസാരിക്കവേയാണ് അദ്ദേഹം ടീമിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്.

“ഇതേ പോലെ സീസൺ അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ഈ സീസൺ എന്തായിരുന്നു എന്നതിന്റെ ചിത്രം തരുന്നതാണ് ഈ മത്സരം. ഞങ്ങൾ അത്യന്തം ദുർബലരായ, ഒട്ടും വീര്യമില്ലാത്ത ടീമായാണ് കളിച്ചത്. ഇതുകൊണ്ട് തന്നെയാണ് ഞങ്ങൾക്ക് കുറെ പോയിന്റ് നഷ്ടമായത്. ഈ സീസണിന്റെ ചുരുക്കമാണ് ഇന്നത്തെ മത്സരം,” മെസി പറഞ്ഞു.

Also Read: തോൽവിയിൽ ഞെട്ടി ബാഴ്‌സ; ലാ ലിഗ കിരീടത്തിൽ മുത്തമിട്ട് റയൽ

ബാഴ്സയ്ക്ക് സ്ഥിരത നിലനിർത്താനായില്ല. തങ്ങൾക്കെതിരെ ഗോൾ നേടുക എളുപ്പമായിരുന്നുവെന്നും മെസി പറഞ്ഞു. തിരിച്ചുവരവിൽ ഒരു മത്സരം പോലും റയൽ തോറ്റിട്ടില്ല. അതിന്റെ ക്രെഡിറ്റ് അവർ അർഹിക്കുന്നുവെന്നും എന്നാൽ സ്വന്തം പോയിന്റ് നഷ്ടപ്പെടുത്തി തങ്ങൾ അവരെ സഹായിച്ചുവെന്നും മെസി പറഞ്ഞു.

Also Read: പണിപാളി ചാലഞ്ച്; ക്രിസ്റ്റ്യാനോ റൊണാൾഡോ വേർഷൻ വൈറലാകുന്നു

ബാഴ്സ സ്വയം ആത്മവിമർശനത്തിന് തയാറാകണമെന്ന് മെസി ആവശ്യപ്പെട്ടു. “കളിക്കാർ മുതൽ ക്ലബ്ബ് വരെ. എല്ലാ മത്സരവും ജയിക്കേണ്ട ടീമാണ് ബാഴ്‌സലോണ. മാഡ്രിഡിനെ നോക്കിയിരിക്കുകയല്ല വേണ്ടത്. മാഡ്രിഡ് അവരുടെ ജോലി ചെയ്തു.” പക്ഷെ അവരെ ഒരുപാട് സഹായിക്കുന്നതായിരുന്നു സീസണിൽ ബാഴ്‌സയുടെ പ്രകടനമെന്നും മെസി കുറ്റപ്പെടുത്തി.

അതേസമയം വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് റയൽ മഡ്രിഡ് ഇത്തവണത്തെ ലാ ലിഗ കിരീടം സ്വന്തമാക്കിയത്. റയലിന്റെ 34-ാമത്തെ ലാ ലിഗ കിരീടമാണിത്. അത്യുഗ്രൻ പ്രകടനമാണ് സമീപകാലങ്ങളിൽ സിനദീൻ സിദാന്റെ സംഘം പുറത്തെടുത്തത്. ഒരു മത്സരം ബാക്കിനിൽക്കെ റയലിനു 86 പോയിന്റ് ഉണ്ട്. റയലിനുവേണ്ടി ഫ്രഞ്ച് താരം കരീം ബെൻസേമയാണ് ഗോളുകൾ സ്വന്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook