ഇക്കഴിഞ്ഞ ലോകകപ്പിൽ ഫുട്ബോൾ ലോകത്താകമാനം തിളങ്ങിനിന്ന പേരുകാരനാണ് കിലിയൻ എംബാപെ. വെറും 19 വയസിനുളളിൽ ഫ്രാൻസിന്റെ ഈ താരം ചവിട്ടിക്കയറിയത് ദശലക്ഷക്കണക്കിന് ഫുട്ബോൾ ആരാധക ഹൃദയങ്ങളിലേക്കാണ്.
ഫ്രാൻസിന്റെ മുന്നേറ്റത്തിൽ ഒഴിച്ചുകൂടാനാവാത്ത സ്ഥാനം ഇതിനോടകം ഉറപ്പിച്ചിട്ടുണ്ട് എംബാപെ. അതിനാൽ തന്നെ ലോകകപ്പ് ഫൈനലിൽ അയാളെ മാറ്റിനിർത്തുക ഫ്രാൻസിന് ചിന്തിക്കുന്നതിനേക്കാൾ മുകളിലാണ്. അത് പോലെ തന്നെയായിരുന്നു എംബാപെയ്ക്കും.
തന്റെ നടുവിനേറ്റ ഗുരുതര പരിക്ക് അവഗണിച്ചാണ് എംബാപെ ഫ്രാൻസിന് വേണ്ടി ലോകകപ്പ് സെമിഫൈനലിലും ഫൈനലിലും ബൂട്ടണിഞ്ഞതാണെന്നാണ് വിവരം. മത്സരത്തിന് മുൻപ് നട്ടെല്ലിനാണ് താരത്തിന് ക്ഷതമേറ്റത്. ഇതേ തുടർന്ന് കശേരു മൂന്നിടത്ത് സ്ഥാനം തെറ്റി.
ബെൽജിയത്തിനെതിരായ സെമിഫൈനൽ മത്സരത്തിന് മൂന്ന് ദിവസം മുൻപായിരുന്നു ഇത്. എന്നാൽ ബെൽജിയത്തിനെതിരെ 1-0 ന്റെ വിജയം ആഘോഷിച്ച ഫ്രാൻസ് ടീമിലും ക്രൊയേഷ്യക്കെതിരെ 4-2 ന് ജയിച്ച് ഫിഫ ലോകകപ്പ് നേടിയ ടീമിലും അദ്ദേഹം ഉണ്ടായിരുന്നു.
“പരിക്കിന്റെ കാര്യം മറ്റുളളവർ അറിഞ്ഞാൽ അത് എതിരാളികൾക്ക് മാനസികമായ മേൽക്കൈ നേടാൻ സഹായിക്കുമായിരുന്നു. അതിനാലാണ് മറച്ചുവെച്ചത്,” എന്ന് ഫൈനലിലടക്കം ഗോൾ നേടിയ ഫ്രഞ്ച് സ്ട്രൈക്കർ പറഞ്ഞു.
ഇത്തവണത്തെ ഫിഫ ലോകകപ്പിൽ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടത് എംബാപെയാണ്. പെലെയ്ക്ക് ശേഷം ലോകകപ്പിൽ രണ്ട് ഗോൾ നേടുന്ന കൗമാരതാരമെന്ന റെക്കോഡും എംബാപെ ഇത്തവണ സ്വന്തം പേരിൽ കുറിച്ചിരുന്നു. ഫ്രഞ്ച് ലീഗിൽ പിഎസ്‌ജിയുടെ താരമാണ് എംബാപെ.