പാരീസ് സെന്റ് ജർമ്മൻ കൌമാരതാരം കെയ്‍ലിയൻ എംബാപ്പെക്ക് മൂന്ന് മത്സരങ്ങളിൽ വിലക്ക്. നിംസ് ഒളിംപ്പിക്കിനെതിരായ മത്സരത്തിൽ മധ്യനിരതാരം സവനീയറിനെ പിടിച്ചുതള്ളിയതിന് താരം റെഡ്കാർഡ് കണ്ട് പുറത്തുപോയിരുന്നു. മൈതാനത്തെ എംബാപ്പെയുടെ പെരുമാറ്റം അതിരുവിട്ട സാഹചര്യത്തിലാണ് അച്ചടക്ക നടപടി.
റഷ്യൻ ലോകകപ്പ് കിരീടം നേടിയ ഫ്രഞ്ച് ടീമിലംഗമായ എംബാപ്പെ ടൂർണമെന്റിലെ മികച്ച യുവതാരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്ക് പി.എസ്.ജി വിജയിച്ച മത്സരത്തിൽ എംബാപ്പെയും ഗോൾ കണ്ടെത്തിയിരുന്നു. എന്നാൽ കളി അവസാന നിമിഷളിലേക്ക് നീങ്ങുമ്പോഴായിരുന്നു താരത്തിന് ചുവപ്പ് കാർഡ് കണ്ട് പുരത്തുപോകുന്നത്.
പന്ത് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ എംബാപ്പെയെ സവനീയർ ഫൌൾ ചെയ്‍തു വീഴ്ത്തി. ചാടിയെണീറ്റ താരം സവനീയറിനെ തള്ളുകയായിരുന്നു. ഇത് കണ്ട് റെഫറി അപ്പോൾ തന്നെ ചുവപ്പ് കാർഡ് കാട്ടി താരത്തെ മൈതാനത്തിന് പുറത്തേക്കയച്ചു. എംബാപ്പെയെ ഫൌൾ ചെയ്തതിന് സവനീയറിനും അഞ്ച് മത്സരങ്ങളിൽ വിലക്കുണ്ട്.
സെപ്റ്റംബർ 14ന് സെന്റ് എറ്റ്യനെക്കെതിരെയും, 23 ന് റെൺസിനെതിരെയും 26 ന് റെയിംസിനെതിരെയും എംബാപ്പെ ഇല്ലാതെയാകും പി.എസ്.ജി ഇറങ്ങുക. കളിച്ച നാല് മത്സരങ്ങളും ജയിച്ച പി.എസ്.ജി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.