ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്സ് ഇലവൻ പഞ്ചാബിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്. പഞ്ചാബ് ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യത്തിൽ രാജസ്ഥാൻ 17.3 ഓവറിൽ എത്തിച്ചേർന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടിയപ്പോൾ രാജസ്ഥാൻ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ബെൻ സ്റ്റോക്സിന്റെയും സഞ്ജു സാംസണിന്റെയും മികച്ച പ്രകടനം തുണയായി.  ബെൻ സ്റ്റോക്സ് അർദ്ധ സെഞ്ച്വറി തികച്ചു. 26 പന്തിൽ നിന്നാണ് സ്റ്റോക്സ് 50 റൺസ് തികച്ചത്. ആറ് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതാണ് സ്റ്റോക്സിന്റെ ഇന്നിങ്സ്. സഞ്ജു സാംസൺ 25 പന്തിൽ നിന്ന് 48 റൺസ് എടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും അർദ്ധ സെഞ്ച്വറി തികയ്ക്കാനാവെതെ റൺഔട്ട് ആയി. റോബിൻ ഉത്തപ്പ 23 പന്തിൽ നിന്ന് 30 റൺസ് നേടി പുറത്തായി.

അവസാന ഓവറുകളിൽ സ്റ്റീവ് സ്മിത്ത് സഖ്യം നടത്തിയ പ്രകടനം ടീമിന്റെ വിജയം എളുപ്പമാക്കി. 20 പന്തിൽ നിന്ന് സ്മിത്ത് പുറത്താവാതെ 31 റൺസ് നേടി. ബട്ട്ലർ പുറത്താവാതെ 11 പന്തിൽ നിന്ന് 22 റൺസ് നേടി.
പ്ലേ ഓഫ് പ്രതീക്ഷകളുമായി ഇറങ്ങിയ പഞ്ചാബിന് രാജസ്ഥാൻ റോയൽസിനെതിരെ മികച്ച തുടക്കം. ക്രിസ് ഗെയ്‌ലിന്റെ തകർപ്പൻ ഇന്നിങ്സിന്റെ അടിസ്ഥാനത്തിൽ 186 റൺസിന്റെ വിജയലക്ഷ്യമാണ് പഞ്ചാബ് രാജസ്ഥാന് മുന്നിൽ ഉയർത്തിയിരിക്കുന്നത്. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 185 റൺസ് സ്വന്തമാക്കിയത്.

Also Read: ചെന്നൈയുടെ തകർച്ചയ്ക്ക് കാരണം യുവത്വത്തെ തഴയുന്നത്: ലാറ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ മന്ദീപ് സിങ്ങിനെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുൽ – ഗെയ്ൽ സഖ്യം പഞ്ചാബിനെ മുന്നോട്ട് നയിച്ചു. സെഞ്ചുറി കൂട്ടുകെട്ടുമായി പഞ്ചാബിന് മികച്ച അടിത്തറ പാകിയ ഇരുവരും രാജസ്ഥാൻ ബോളർമാരെ നിരന്തരം അതിർത്തി കടത്തി.

46 റൺസെടുത്ത രാഹുലിനെ പുറത്താക്കി സ്റ്റോക്സ് രാജസ്ഥാന് ബ്രേക്ക് ത്രൂ നൽകിയെങ്കിലും ഗെയ്ൽ തകർപ്പനടികളുമായി ക്രീസിൽ നിലയുറപ്പിച്ചു. അവസാന ഓവറിൽ ആർച്ചറിനെ സിക്സർ പായിച്ച് 99 ലെത്തിയ ഗെയ്‌ലിന് എന്നാൽ സെഞ്ചുറിക്ക് ഒരു റൺസകലെ കൂടാരം കയറേണ്ടി വന്നു. 63 പന്തിൽ എട്ട് സിക്സും ആറു ഫോറും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്സ്.

Also Read: ഓസിസ് പര്യടനത്തിനുള്ള ഇന്ത്യൻടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ധോണിക്ക് ആദരമർപ്പിച്ച് ബിസിസിഐ

12 പോയിന്റുമായി നാലാം സ്ഥാനത്തായിരുന്ന പഞ്ചാബിന് ഈ മത്സരം പരാജയപ്പെട്ടെങ്കിലും സ്ഥാനത്തിൽ മാറ്റം വന്നിട്ടില്ല. മത്സരം വിജയിച്ചിരുന്നെങ്കിഷ  ഏകദേശം പ്ലേ ഓഫ് ഉറപ്പിക്കാൻ പഞ്ചാബിന് കഴിയുമായിരുന്നു. എന്നാൽ പത്ത് പോയിന്റിൽ നിന്ന് 12 പോയിന്റിലേക്ക് ഈ ജയത്തോടെ രാജസ്ഥാൻ എത്തിച്ചേർന്നു.  രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകൾ അടുത്ത മത്സരവും മറ്റുള്ള ടീമുകളുടെ മത്സരവും അനുസരിച്ചായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook