മൊഹാലി: സൺറൈസേഴ്‌സ് ഹൈദാരാബാദ് ടീമിന്റെ ആവനാഴിയിലെ ഏറ്റവും മൂർച്ചയേറിയ അസ്ത്രം, അതായിരുന്നു റാഷിദ് ഖാൻ. ലോക ഒന്നാം നമ്പർ ടി20 ബോളറായ താരം ഐപിഎല്ലിലെ റണ്ണൊഴുകുന്ന മൈതാനത്ത് ഏത് ബോളറെയും പ്രതിരോധത്തിലാക്കിയിരുന്നു. എന്നാൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഇന്ന് നടന്ന മത്സരം റാഷിദ് ഖാൻ ഒരിക്കലും മറക്കില്ല.

പല്ലുകൊഴിഞ്ഞ സിംഹം എന്ന് ഏവരും കരുതിവന്ന ക്രിസ് ഗെയ്ൽ സൺറൈസേഴ്സിനെതിരെ പതിഞ്ഞ താളത്തിലാണ് ബാറ്റ് വീശിയത്. എങ്കിലും ഹൈദരാബാദിന്റെ പ്രധാന ബോളർ മുന്നിലെത്തിയപ്പോൾ ഗെയിലാട്ടം അതിന്റെ പത്തിവിടർത്തി ആടി.

റാഷിദ് ഖാന്റെ രണ്ടാം പന്ത് തന്നെ അടിച്ചുപറത്തി ഗെയ്ൽ വരാനിരിക്കുന്ന വെടിക്കെട്ടിന്റെ സൂചന നൽകി. ഇതേ ഓവറിലെ അഞ്ചാം പന്തിൽ വീണ്ടുമൊരു സിക്സർ പറത്തിയ ഗെയ്ൽ റാഷിദ് ഖാൻ ഈ മത്സരത്തിലെ വേദനയാകുമെന്ന് വ്യക്തമാക്കുകയായിരുന്നു.

റാഷിദ് ഖാൻ ബോളിംഗിനിടെ

എന്നാൽ തന്റെ രണ്ടാം ഓവറിൽ റാഷിദ് ഖാൻ കിംഗ്സ് ഇലവൻ ബാറ്റ്സ്മാന്മാരെ പ്രതിരോധത്തിലാക്കി. ഈ ഓവറിൽ പഞ്ചാബിന്റെ ഏറ്റവും വിലപ്പെട്ട താരം കെഎൽ രാഹുലിനെ പുറത്താക്കിയ റാഷിദ് ഖാൻ ആ ഓവറിൽ വിട്ടുകൊടുത്തതാകട്ടെ വെറും രണ്ട് റൺസ് മാത്രം.

എന്നാൽ ലോക ഒന്നാം നമ്പർ താരത്തിന് ഒരിക്കലും മറക്കാനാവാത്ത വേദനയായി മൂന്നാം ഓവർ മാറി. 14ാം ഓവർ എറിഞ്ഞ റാഷിദ് ഖാന്റെ ആദ്യ പന്തിൽ സിംഗിളെടുത്ത് കരുൺ നായർ സ്ട്രൈക്ക് മാറി. പിന്നീട് നേരിട്ട നാല് പന്തുകളും ഗെയ്ൽ സിക്സർ പറത്തുകയായിരുന്നു.

ഇതുവരെ ആരും ഇത്രയും ആക്രമിച്ച് റാഷിദ് ഖാനെതിരെ ബാറ്റ് വീശിയിരുന്നില്ല. ആ ദുരനുഭവമാണ് മൊഹാലിയിലെ മൈതാനത്ത് റാഷിദ് ഖാൻ നേരിട്ടത്. അർദ്ധസെഞ്ച്വറി വരെ പതിഞ്ഞ താളത്തിൽ ബാറ്റ് വീശിയ ഗെയ്ൽ ഈ ഓവറോടെയാണ് യഥാർത്ഥ ക്രിസ് ഗെയ്ൽ ആയി മാറിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ