രാജ്യാന്തര ക്രിക്കറ്റിൽ 2017 കലണ്ടർ വർഷം 2818 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി അടിച്ചു കൂട്ടിയത്. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസെടുക്കുന്ന മൂന്നാമത്തെ താരമായും കോഹ്‌ലി മാറി. ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ കുമാർ സംഗക്കാര (2868 റൺസ് 2014ൽ), മുൻ ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ് (2833 റൺസ് 2005ൽ) എന്നിവരാണ് പട്ടികയിൽ കോഹ്‌ലിക്ക് മുന്നിലുളളത്.

കുമാർ സംഗക്കാരരയുടെ റെക്കോർഡ് കോഹ്‌ലിക്ക് തകർക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ബിബിസി റിപ്പോർട്ടർ അസം അമീൻ ട്വീറ്റ് ചെയ്തിരുന്നു. അസമിന്റെ ട്വീറ്റിന് ഉടൻ കുമാർ സംഗക്കാരരയുടെ മറുപടിയെത്തി. ”വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ങിൽ ഈ റെക്കോർഡ് അധികനാൾ നിലനിൽക്കുമെന്ന് തോന്നുന്നില്ല. അടുത്ത വർഷം തന്നെ കോഹ്ലി അത് മറികടന്നേക്കും. കോഹ്‌ലി വ്യത്യസ്തനായ കളിക്കാരനാണ്”. സംഗക്കാര ട്വീറ്റ് ചെയ്തു.

ശ്രീലങ്കയ്ക്കെതിരായ മൂന്നു ടെസ്റ്റ് മൽസരങ്ങളിലും കോഹ്‌ലി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടിട്വന്റി മൽസരങ്ങളുടെ ടീമിൽനിന്നും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ഒഴിവാക്കിയിട്ടുണ്ട്. കോഹ്‌ലിക്ക് വിശ്രമം നൽകുന്നതിനാണ് താരത്തെ മൽസരങ്ങളിൽനിന്നും മാറ്റിനിർത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ