ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം കുമാർ സംഗക്കാരയുടെ വെളിപ്പെടുത്തൽ ചർച്ചയാക്കിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. 2011 ലോകകപ്പ് ക്രിക്കറ്റ് ഫെെനലിലെ ടോസിങ്ങുമായി ബന്ധപ്പെട്ടാണ് സംഗക്കാര വെളിപ്പെടുത്തൽ നടത്തിയത്. ഫെെനൽ മത്സരത്തിൽ ഇന്ത്യയും ശ്രീലങ്കയുമാണ് ഏറ്റുമുട്ടിയത്. മഹേന്ദ്രസിങ് ധോണിയായിരുന്നു ഇന്ത്യയുടെ നായകൻ. ശ്രീലങ്കയെ നയിച്ചിരുന്നത് സംഗക്കാരയും. ഫെെനൽ മത്സരത്തിലെ ടോസിങ്ങിനിടെ സംഭവിച്ച കാര്യങ്ങളാണ് സംഗക്കാര തുറന്നുപറയുന്നത്.
ഫെെനൽ മത്സരത്തിൽ രണ്ടാമതും ടോസിടാൻ ധോണി ആവശ്യപ്പെട്ടതായി സംഗക്കാര പറയുന്നു. ആദ്യം ടോസിട്ടപ്പോൾ തങ്ങൾക്ക് അനുകൂലമായിരുന്നു അത്. എന്നാൽ, ധോണി രണ്ടാമതും ടോസിടാൻ ആവശ്യപ്പെടുകയായിരുന്നു. ധോണിയുടെ താൽപര്യമനുസരിച്ച് ഫെെനൽ മത്സരത്തിൽ വീണ്ടും ടോസിട്ടതായും സംഗക്കാര വെളിപ്പെടുത്തി. മുംബെെ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഫെെനൽ മത്സരം നടന്നത്. ആയിരക്കണക്കിനു കാണികളാണ് മത്സരം കാണാൻ തടിച്ചുകൂടിയത്. കളി കാണാൻ കൂടിയ ആളുകളുടെ ഓളിയും ബഹളവും കാരണം ടോസ് വിളിച്ചത് കൃത്യമായി കേട്ടില്ലെന്നും അതുകൊണ്ട് വീണ്ടും ടോസ് ഇടുമോ എന്ന് ധോണി ചോദിക്കുകയായിരുന്നു എന്നും സംഗക്കാര പറഞ്ഞു. രവിചന്ദ്രൻ അശ്വിനുമായി ഇൻസ്റ്റഗ്രാം ലൈവിൽ സംസാരിക്കുമ്പോഴാണ് സംഗക്കാര ഇക്കാര്യം വെളിപ്പെടുത്തിയത്.
Read Also: ഇനി ഹോം ക്വാറന്റൈൻ; പരിചരണത്തിന് നന്ദി പറഞ്ഞ് പൃഥ്വിരാജ്
“ആദ്യം ടോസിട്ടപ്പോൾ ‘ഹെഡ്’ ആണാണ് ഞാൻ വിളിച്ചത്. എന്നാൽ, ധോണിക്ക് സംശയമായി. ടെയ്ൽ അല്ലേ വിളിച്ചതെന്ന് ധോണി എന്നോട് ചോദിച്ചു. ഞാൻ ‘അല്ല’ എന്നു പറഞ്ഞു. ഹെഡ് വിളിച്ച എനിക്ക് അനുകൂലമായിരുന്നു ടോസ്. ഞാൻ ‘ടെയ്ൽ’ അല്ലേ വിളിച്ചതെന്ന് ധോണി ആവർത്തിച്ചു ചോദിച്ചു. അല്ല, ഹെഡ് ആണ് വിളിച്ചതെന്ന് ഞാൻ മറുപടി നൽകി. എന്നാൽ, അപ്പോഴും ധോണിക്ക് സംശയമായിരുന്നു. ഞാൻ ഹെഡ് വിളിച്ചത് കേട്ട മാച്ച് റഫറി ശ്രീലങ്ക ടോസ് ജയിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ, ധോണി വിയോജിച്ചു. ഒടുവിൽ വീണ്ടും ടോസിടേണ്ടി വന്നു. രണ്ടാമത് ടോസ് ഇട്ടപ്പോഴും ഞാൻ ഹെഡ് തന്നെ വിളിച്ചു. വീണ്ടും ടോസ് ഞാൻ ജയിച്ചു. ഇന്ത്യയെ ഫീൽഡിങ്ങിനു വിടുകയും ചെയ്തു.” സംഗക്കാര പറഞ്ഞു.
അന്ന് തനിക്ക് ടോസ് നഷ്ടപ്പെട്ടിരുന്നെങ്കിൽ ധോണി ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുമായിരുന്നു എന്നും സംഗക്കാര പറഞ്ഞു. “ഫെെനലിൽ ടോസ് ലഭിച്ചതു എന്റെ ഭാഗ്യമാണോ എന്ന് അറിയില്ല. ഒരുപക്ഷേ, ടോസ് ധോണിയാണ് ജയിച്ചിരുന്നെങ്കിൽ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുമായിരുന്നു. ഇന്ത്യയുടെ സ്കോർ ഞങ്ങൾ പിൻതുടരേണ്ടി വന്നേനെ…” സംഗക്കാര പറഞ്ഞു.
Read Also: ആപ്പിലുറച്ച് സർക്കാർ; ‘ബെവ് ക്യൂ’ പിൻവലിക്കില്ലെന്ന് എക്സെെസ് മന്ത്രി
2011 ലെ ലോകകപ്പ് ഫെെനലിൽ ടോസ് ലഭിച്ച സംഗക്കാര ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 274 റണ്സാണ് നേടിയത്. മുൻ ക്യാപ്റ്റൻ കൂടിയായിരുന്ന മഹേള ജയവർധനെയുടെ സെഞ്ചുറി കരുത്തിലാണ് ശ്രീലങ്ക് 274 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പത്ത് പന്തുകൾ ബാക്കിനിൽക്കെ വെറും നാല് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ഗൗതം ഗംഭീർ (122 പന്തിൽ 97), ക്യാപ്റ്റൻ എം.എസ്.ധോണി (79 പന്തിൽ പുറത്താകാതെ 91) എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. തന്റെ സ്വതസിദ്ധമായ ശെെലിയിൽ സിക്സർ പറത്തിയാണ് ധോണി ഇന്ത്യയെ വിജയത്തിലേക്കും രണ്ടാം ലോകകപ്പ് നേട്ടത്തിലേക്കും നയിച്ചത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook