മാഞ്ചസ്റ്റര്‍; ഇംഗ്ലണ്ടിനെതിരെ ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്‌ക്ക് 160 റണ്‍സിന്റെ വിജയലക്ഷ്യം. അയര്‍ലന്‍ഡിനെ ട്വന്റി-20യില്‍ തകര്‍ത്തതിന്റെ ആവേശവുമായെത്തിയ ഇന്ത്യ ഇംഗ്ലണ്ടിനെ താരതമ്യേന ഭേദപ്പെട്ട സ്‌കോറില്‍ ഒതുക്കുകയായിരുന്നു.

മികച്ച തുടക്കം ലഭിച്ചെങ്കിലും ഇംഗ്ലണ്ടിന് വന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിച്ചില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ചരിത്ര വിജയത്തിന് ശേഷമാണ് ഇംഗ്ലണ്ട് ഇന്ത്യയെ നേരിടുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ റോയിയും ബട്‌ലറും മികച്ച തുടക്കമാണ് സമ്മാനിച്ചത്. റോയ് 30 റണ്‍സ് നേടി പുറത്തായപ്പോള്‍ ബട്‌ലര്‍ ഒരിടത്ത് നിലയുറപ്പിക്കുകയായിരുന്നു. 46 പന്തില്‍ നിന്നും 69 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ഇതില്‍ എട്ട് ഫോറും രണ്ട് സിക്‌സുമുള്‍പ്പെടും.

എന്നാല്‍ പിന്നാലെ വന്നവരെല്ലാം അതിവേഗം കൂടാരം കയറുകയായിരുന്നു. മധ്യനിരയില്‍ വില്ലിയുടെ വെടിക്കെട്ട് പ്രകടനം ഇംഗ്ലണ്ടിന് നിർണായകമായി. വില്ലി 25 പന്തില്‍ നിന്നും രണ്ട് ഫോറും രണ്ട് സിക്‌സുമുള്‍പ്പടെ 29 റണ്‍സ് നേടി. എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് ഇംഗ്ലണ്ട് 159 റണ്‍സ് നേടിയത്.

അതേസമയം, ഇന്ത്യയ്‌ക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് നേടി. കുല്‍ദീപിന്റെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് മേല്‍ക്കൈ നേടി കൊടുത്തത്. വെറും 24 റണ്‍സ് വിട്ടു കൊടുത്താണ് കുല്‍ദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. രണ്ട് വിക്കറ്റുമായി ഉമേഷ് യാദവ് ഇന്ത്യയ്‌ക്ക് നിര്‍ണായക ബ്രേക്ക് ത്രൂവും നല്‍കി. വിജയത്തോടെ പരമ്പര ആരംഭിക്കാനായി ഇന്ത്യയിറങ്ങും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ