നേപ്പിയര്‍: ന്യൂസിലന്‍ഡ്- ഇന്ത്യ ഒന്നാം ഏകദിനത്തില്‍ ബൗളിങിലെ തകര്‍പ്പന്‍ പ്രകടനം ഫീല്‍ഡിലും ആവര്‍ത്തിച്ച് കുല്‍ദീപ് യാദവ്. കേദാര്‍ ജാദവ് എറിഞ്ഞ 24ാം ഓവറിന്റെ അവസാന പന്തില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് കുല്‍ദീപ് താരമായത്. ജാദവിനെ മിഡ് വിക്കറ്റിലൂടെ ബൗണ്ടറി പായിക്കാനുള്ള ഹെന്റി നിക്കോള്‍സിന്റെ ശ്രമമാണ് വിക്കറ്റില്‍ അവസാനിച്ചത്. നിക്കോള്‍സിന്റെ ബുള്ളറ്റ് ഷോട്ട് കുല്‍ദീപ് വലത്തോട്ട് ഡൈവ് ചെയ്ത് കൈയില്‍ ഒതുക്കുകയായിരുന്നു. വീഡിയോ കാണാം..

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് 157 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരെയും നഷ്ടമായിരുന്നു. 64 റണ്‍സെടുത്ത നായകന്‍ കെയ്ന്‍ വില്ല്യംസിന് മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങാനായത്. അഞ്ച് കിവി താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.

ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. യുസ്‌വേന്ദ്ര ചാഹല്‍ രണ്ടും കേദാര്‍ ജദവ് ഒരു വിക്കറ്റും വീഴ്ത്തി. ടീം സ്‌കോര്‍ 52 ല്‍ എത്തിയപ്പോഴെക്കും മൂന്ന് മുന്‍ നിര താരങ്ങളെ കിവികള്‍ക്ക് നഷ്ടമായി. തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ രണ്ട്‌പേരെയും മടക്കി മുഹമ്മദ് ഷമി കളി ഇന്ത്യന്‍ വരുതിയിലാക്കുകയായിരുന്നു. അഞ്ച് റണ്‍സില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയും 18 റണ്‍സില്‍ മുന്റോയെയും ഷമി മടക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook