ന്യൂഡൽഹി: ക്യാപ്റ്റൻ കൂളെന്നാണ് മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണിയുടെ വിശേഷണം. ഏത് സമ്മർദ്ദ ഘട്ടത്തെയും സംയമനത്തോടെ കൈകാര്യം ചെയ്യുന്ന വ്യക്തി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രിക്കറ്റ് മൈതാനത്ത് നിന്ന് വിട്ടുനിൽക്കുന്ന താരം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ അനിശ്ചിതകാലത്തേക്ക് ഐപിഎൽ നീട്ടിയതോടെ ധോണിയുടെ മടങ്ങിവരവ് കാത്തിരിക്കുന്ന ആരാധകരും നിരാശയിലായി.
ഇതിനിടയിലാണ് ക്യാപ്റ്റൻ കൂളിന്റെ ശാന്തത നഷ്ടപ്പെട്ട സമയം ഓർത്തെടുത്ത് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് രംഗത്തെത്തുന്നത്. ക്രിക്കറ്റ് നിരീക്ഷകനും അവതാരകനുമായ ജാടിൻ സപ്രുവിന്റെ ഷോയിലാണ് താരം മനസ് തുറന്നത്. 2017ൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെയായിരുന്നു കുൽദീപിനോട് ധോണി പൊട്ടിത്തെറിച്ചത്.
Also Read: ഏത് സമ്മർദ്ദത്തിലും വിജയത്തിലേക്ക് നയിക്കുന്നവൻ; ധോണിയെ ടി20 ലോകകപ്പ് ടീമിലുൾപ്പെടുത്തണമെന്ന് കൈഫ്
ചെറിയ ബൗണ്ടറിയുള്ള ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു അന്ന് മത്സരമെന്ന് താരം ഓർത്തെടുത്തു. “സ്ട്രൈക്ക് എൻഡിലുണ്ടായിരുന്ന കുസാൽ പെരേര കവറിലൂടെ ബൗണ്ടറി പായിച്ചു. വിക്കറ്റിന് പുറകിലുണ്ടായിരുന്ന ധോണി ഭായ് തന്നോട് ഫീൾഡിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ നിർദേശത്തെ ഞാൻ ഗൗനിച്ചില്ല. അടുത്ത പന്തും കുസാൽ റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തിയപ്പോൾ ധോണി ഭായ് എന്റെ അടുത്തെത്തി പറഞ്ഞു, ‘ ഞാൻ വിഡ്ഢിയാണോ? ഞാൻ 300ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്, നി എന്നെ കേൾക്കുന്നില്ല.’ കുൽദീപ് ഓർത്തെടുത്തു.
അന്ന് താൻ ധോണിയെ വളരെയധികം ഭയപ്പെട്ടുവെന്നും മത്സരത്തിന് ശേഷം ബസിൽ യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത് പോയി എപ്പോഴെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടോയെന്ന് ചോദിച്ചെന്നും അതിന് കഴിഞ്ഞ 20 കൊല്ലമായി താൻ ദേഷ്യപ്പെടാറില്ലെന്നുമായിരുന്നു ധോണിയുടെ മറുപടിയെന്നും കുൽദീപ് കൂട്ടിച്ചേർത്തു.
Also Read: ആ ഐതിഹാസിക വിജയം ദാദയും പിള്ളരും ആഘോഷിച്ചത് ഇങ്ങനെ; ഡ്രസിങ് റൂമിലെ വീഡിയോ വൈറലാകുന്നു
മത്സരത്തിൽ ധോണിയുടെ നിർദേശ പ്രകാരം ഫീൾഡിൽ മാറ്റം വരുത്തിയ ശേഷം വിക്കറ്റ് നേടാനും അന്ന് കുൽദീപ് യാദവിനായിരുന്നു. നാല് ഓവറിൽ 52 റൺസ് വഴങ്ങിയ താരം മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. രോഹിത് ശർമ്മയുടെ സെഞ്ചുറി മികവിൽ അന്ന് 88 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.