ബാറ്റ്സ്മാന്മാരുടെ വെടിക്കെട്ട് പ്രകടനത്തിൽ നേടിയ കൂറ്റൻ സ്കോർ പ്രതിരോധിക്കുന്നതിൽ ബോളർമാരും നിർണായ പങ്കു വഹിച്ചതോടെയാണ് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് ഒപ്പമെത്താൻ സാധിച്ചത്. 107 റൺസിനാണ് ഇന്ത്യ വിശാഖപട്ടണത്ത് വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത്. ഹാട്രിക് വിക്കറ്റ് നേട്ടവുമായി കുൽദീപ് യാദവായിരുന്നു മറുപടി ബാറ്റിങ്ങിൽ വിൻഡീസിന്റെ നടുവ് ഒടിച്ചത്.
രാജ്യാന്തര ക്രിക്കറ്റിലെ തന്റെ ഹാട്രിക് നേട്ടമാണ് കുൽദീപ് വിശാഖപട്ടണത്ത് സ്വന്തമാക്കിയത്. നീണ്ട് പത്ത് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് കുൽദീപ് ഫോമിലേക്ക് എത്തുന്നത്. 2017 മുതൽ ഇന്ത്യൻ ടീമിലെ സ്ഥിര സാനിധ്യമാണ് ചൈനാമാൻ ബോളർ എന്നറിയപ്പെടുന്ന കുൽദീപ് യാദവ്. എന്നാൽ കഴിഞ്ഞ ഐപിഎൽ സീസൺ മുതൽ കനത്ത തിരിച്ചടികൾ നേരിടുന്ന താരത്തിന്റെ വലിയ തിരിച്ചുവരവിനാണ് വിശാഖപട്ടണം സാക്ഷിയായത്.
Also Read: ‘ഹിറ്റ്’ ട്രിക്ക്; രാജ്യാന്തര ക്രിക്കറ്റിൽ ചരിത്രമെഴുതി കുൽദീപ് യാദവിന്റെ ഹാട്രിക്ക്
ലോകകപ്പിലും കാര്യമായ പ്രകടനം പുറത്തെടുക്കാൻ കുൽദീപിന് ആയിരുന്നില്ല. എന്നാൽ ഒന്നിലധികം തവണ രാജ്യന്തര മത്സരങ്ങളിൽ ഹാട്രിക് നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടത്തോടെയാണ് കുൽദീപ് മടങ്ങി വരവ് അടയാളപ്പെടുത്തുന്നത്.
Also Read: 17 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി രാ-രോ സഖ്യം; പിന്നിലാക്കിയത് ഗാംഗുലി-സെവാഗ് കൂട്ടുകെട്ടിനെ
“ദുഷ്കരമായ പത്തു മാസമാണ് കടന്നു പോയത്. സ്ഥിരതയാർന്ന പ്രകടനത്തിന് ശേഷം ഒരിക്കൽ പെട്ടെന്ന് വിക്കറ്റുകൾ ലഭിക്കാത്ത അവസ്ഥ. ലോകകപ്പിന് ശേഷം ഞാൻ ടീമിൽ നിന്ന് പുറത്തായി. പിന്നീട് മാസങ്ങൾ നീണ്ട കഠിനാദ്ധ്വാനമായിരുന്നു. ഈ ഹാട്രിക് എന്റെ കരിയറിലെ ടോപ്പിലുള്ള പ്രകടനം തന്നെയാണ്. കാരണം സമ്മർദ്ദങ്ങളിൽ നിന്നാണ് ആ നേട്ടം, 4-5 മാസത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ്,” കുൽദീപ് യാദവ് പറഞ്ഞു.
Also Read: റോക്കറ്റ് രോഹിത്; റെക്കോർഡുകൾ അതിവേഗം മറികടന്ന് ഇന്ത്യൻ ഓപ്പണർ
വിശാഖപട്ടണത്ത് 33-ാം ഓവറിലായിരുന്നു കുൽദീപ് യാദവിന്റെ മാസ്മരിക പ്രകടനം. ഓവറിലെ നാലാം പന്തിൽ മികച്ച ഇന്നിങ്സുമായി ക്രീസിൽ നിലയുറപ്പിച്ച ഷായ് ഹോപ്പിനെ ബൗണ്ടറി ലൈനിലുണ്ടായിരുന്ന വിരാട് കോഹ്ലിയുടെ കൈകളിൽ എത്തിച്ച കുൽദീപിന്റെ അടുത്ത പന്ത് മനസിലാക്കാൻ ജേസൺ ഹോൾഡറക്കായില്ല. അഞ്ചാം പന്ത് നേരിടുന്നതിനായി ക്രീസിൽ നിന്നും കാലു പറിച്ചതും പന്ത് വെയ്ൽസിളക്കി. ഓവറിലെ അവസാന പന്തിൽ അൽസാരി ജോസഫിനെ കുൽദീപ് സെക്കൻഡ് സ്ലിപ്പിലുണ്ടായിരുന്ന കേദാർ ജാദവിന്റെ കൈകളിൽ എത്തിച്ചു.
ഒന്നിലധകം ഹാട്രിക്കുകളുള്ള എലൈറ്റ് ക്ലാസിലേക്ക് അനായാസമാണ് കുൽദീപ് എത്തിയത്. 2017 ഇന്ത്യൻ സീനിയർ ടീമിലെത്തിയ താരം 43 ഏകദിന മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. ലസിത് മലിംഗ, വസിം അക്രം, ചമിന്ദ വാസ്, സഖ്ലെയ്ൻ മുഷ്തഖ്, ട്രെണ്ട് ബോൾട്ട് എന്നവരാണ് ഒന്നിലധികം ഹാട്രിക്കുകൾ നേടിയ മറ്റു താരങ്ങൾ. ഇതിൽ ലസിത് മലിംഗ മൂന്ന് തവണ ഹാട്രിക് സ്വന്തമാക്കിയപ്പോൾ മറ്റുള്ളവരുടെ പേരിലുള്ളത് രണ്ടെണ്ണം വീതമാണ്.