ഏഷ്യ കപ്പിലെ സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ എം.എസ്.ധോണിയെ ഇന്ത്യൻ നായകന്റെ വേഷത്തിൽ കണ്ട സന്തോഷത്തിലാണ് ആരാധകർ മത്സരം ആസ്വദിച്ചത്. ക്യാപ്റ്റൻസിയിൽനിന്നും സ്വയം പിന്മാറിയതിനുശേഷം ആദ്യമായാണ് ധോണി വീണ്ടും ക്യാപ്റ്റന്റെ കുപ്പായമണിഞ്ഞത്.

നായകൻ രോഹിത് ശർമ്മയ്ക്കും ഉപനായകൻ ശിഖർ ധവാനും വിശ്രമം അനുവദിച്ചതോടെയാണ് ധോണി വീണ്ടും നായകസ്ഥാനത്തേക്ക് എത്തിയത്. ക്യാപ്റ്റനായുളള ധോണിയുടെ 200-ാമത്തെ മത്സരമായിരുന്നു ഇന്നലെ അഫ്ഗാനിസ്ഥാനുമായി നടന്നത്. പക്ഷേ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഇന്ത്യയെ സമനിലയിൽ തളച്ചു.

ധോണിയുടെ ക്യാപ്റ്റൻസി എപ്പോഴും എടുത്തു പറയേണ്ടതാണ്. ഫീൽഡിങ്ങിൽ കളിക്കാർക്ക് വേണ്ട നിർദേശങ്ങൾ തക്ക സമയത്ത് ധോണി നൽകാറുണ്ട്. അതിൽ കൈകടത്താൻ ശ്രമിച്ചാൽ പിന്നെ ക്യാപ്റ്റൻ കൂളായിരിക്കില്ല. അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിലും ഇത്തരത്തിലൊരു സംഭവമുണ്ടായി. ചൈനമാൻ കുൽദീപ് യാദവ് ആയിരുന്നു ബോളിങ്ങിന് എത്തിയത്.

ബോളിങ്ങിനു മുൻപായി ഫീൽഡ് ചെയ്ഞ്ച് ആവശ്യപ്പെട്ട് കുൽദീപ് കൈ കാണിച്ചു. എന്നാൽ കുൽദീപിന്റെ ഇഷ്ടത്തിന് അനുസരിച്ച് ഫീൽഡ് ചെയ്ഞ്ച് വരുത്താൻ ധോണി തയ്യാറായില്ല. ”നീ ബോളെറിയുന്നോ അല്ലെങ്കിൽ ബോളറെ മാറ്റും” എന്നായിരുന്നു കുൽദീപിനോട് ധോണി പറഞ്ഞത്. ധോണിയുടെ ഈ കമന്റ് സ്റ്റംപ് മൈക്കാണ് പിടിച്ചെടുത്തത്.

ഇന്ത്യയ്ക്കെതിരെ 252 റൺസിന്റെ വിജയലക്ഷ്യമാണ് അഫ്ഗാനിസ്ഥാൻ ഉയർത്തിയത്. മുഹമ്മദ് ഷഹസാദിന്റെ സെഞ്ചുറി കരുത്തിലാണ് അഫ്ഗാൻ മികച്ച സ്കോർ നേടിയത്. കെ.എൽ.രാഹുലിന്റെയും അമ്പാട്ടി റായിഡുവിന്റെയും അർധസെഞ്ചുറി മികവിൽ ഇന്ത്യ പൊരുതിയെങ്കിലും വിജയിക്കാനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ പിഴുത് അഫ്ഗാൻ താരങ്ങൾ ഇന്ത്യയെ സമനിലയിൽ തളയ്ക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook