മിന്നൽ സ്റ്റംപിങ്ങിൽ എം.എസ്.ധോണിയെ പോലെ മറ്റൊരാളെ തന്റെ കരിയറിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് കുൽദീപ് യാദവ്. അടുത്തിടെ നടന്ന ന്യൂസിലൻഡിനെതിരായ ടി 20 യിൽ കുൽദീപിന്റെ ബോളിലെ ധോണിയുടെ അതിവേഗ സ്റ്റംപിങ്ങിനെ കുറിച്ചായിരുന്നു ചൈനാമാന്റെ പ്രതികരണം. 0.09 സെക്കന്റാണ് ധോണിക്ക് സ്റ്റംപിങ്ങിന് വേണ്ടി വന്നത്.

”ധോണിക്ക് ക്രിക്കറ്റിൽ പരിചയ സമ്പത്ത് കൂടുതലാണ്. അദ്ദേഹം പലപ്പോഴും ഗെയിം ചെയ്ഞ്ചർ ആവാറുണ്ട്. അദ്ദേഹം ഞങ്ങളുടെ ടീമിലുളളത് ശരിക്കും ഭാഗ്യമാണ്. അദ്ദേഹത്തിൽ എന്നെ അദ്ഭുതപ്പെടുത്തുന്നത് സ്റ്റംപിങ്ങിലെ വേഗതയാണ്. ശരിക്കും അവിശ്വസനീയമാണത്. എന്റെ കരിയറിൽ മറ്റൊരാൾക്കും സ്റ്റംപിങ്ങിൽ ഇത്രയും വേഗത ഞാൻ കണ്ടിട്ടില്ല,” ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കുൽദീപ് പറഞ്ഞു.

ഏകദിനത്തിൽ ധോണിയുടെ പേരിൽ 119 സ്റ്റംപിങ് ആണുളളത്. ടി 20 യിൽ 34 സ്റ്റംപിങ്ങുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ധോണി. 32 സ്റ്റംപിങ്ങുമായി പാക് താരം കമ്രാൻ അക്മൽ ആണ് രണ്ടാം സ്ഥാനത്ത്.

വരാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി 20 മത്സരങ്ങളിൽ കുൽദീപിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഏകദിന പരമ്പരയിൽ കുൽദീപ് കളിക്കും. ഓസ്ട്രേലിയയിൽ രണ്ടു ടി 20 മത്സരവും 5 ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ