ജൊഹന്നാസ്ബർഗ്: സ്‌പിന്നർ കുൽദീപ് യാദവ് മികച്ച ഫോമിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ 6 മൽസരങ്ങളിൽനിന്നായി 17 വിക്കറ്റുകളാണ് കുൽദീപ് പിഴുതത്. സ്‌പിന്നർമാരായ കുൽദീവും യുസ്‌വേന്ദ്ര ചാഹലും ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാന്മാരെ തികച്ചും പ്രതിരോധത്തിൽ ആക്കിയിരുന്നു.

ഏകദിന പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി ട്വന്റി മൽസരത്തിൽ കുൽദീപിന് പരുക്ക് കാരണം കളിക്കാനായില്ല. കളിക്കാനായില്ലെങ്കിലും പവലിയനിൽ ഇരുന്ന് കുൽദീപ് കളി കാണുന്നുണ്ടായിരുന്നു. കളി കാണുക മാത്രമല്ല ദക്ഷിണാഫ്രിക്കൻ താരത്തെ കളിയാക്കുകയും ചെയ്തു. ഇത് ക്യാമറകൾ പിടിച്ചെടുത്തു.

ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ 19-ാം ഓവറിലായിരുന്നു കുൽദീപിന്റെ കളിയാക്കൽ ക്യാമറക്കണ്ണുകൾ പിടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കൻ സ്പിന്നർ ടെബ്രായിസ് ഷംസിയെയായിരുന്നു കുൽദീപ് കളിയാക്കിയത്. 11-ാമനായി ഇറങ്ങാൻ ഷംസി റെഡിയായിരിക്കുമ്പോഴായിരുന്നു കുൽദീപിന്റെ പരിഹാസം. ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

മൽസരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് നേടിയ ശേഷമുള്ള ടെബ്രായിസ് ഷംസിയുടെ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിക്കറ്റിനായി അപ്പീൽ ചെയ്തുകൊണ്ട് ഷംസി ഓടിയ ഓട്ടമാണ് വൈറലായത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി ട്വന്റിയിൽ ഇന്ത്യ വിജയിച്ചിരുന്നു. മൂന്നു മൽസരങ്ങളുളള പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ