മുംബൈ: ഈഡൻ ഗാർഡൻസിൽ കങ്കാരുക്കൾക്ക് എതിരെ കുൽദീപ് യാദവ് നേടിയ ഹാട്രിക്ക് നേട്ടത്തിന് കൈയ്യടിക്കാത്തവർ കുറവല്ല. ഏകദിന ക്രിക്കറ്റിൽ ഹാട്രിക്ക് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടമാണ് കുൽദീപ് യാദവ് സ്വന്തമാക്കിയത്. എന്നാൽ ആദ്യമായൊന്നുമല്ല കുൽദീപ് ഹാട്രിക്ക് നേട്ടം ആഘോഷിക്കുന്നത്. 2014ൽ നടന്ന അണ്ടർ 19 ലോകകപ്പിലാണ് ഇതിന് മുൻപ് കുൽദീപ് ഹാട്രിക്ക് നേട്ടം കൊയ്തത്.

അണ്ടർ 19 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സ്കോട്ടലൻഡിനെതിരെയായിരുന്നു കുൽദീപിന്റെ അദ്ഭുത പ്രകടനം. മത്സരത്തിന്രെ പത്തൊമ്പതാം ഓവറിലാണ് കുൽദീപിന്റെ മാജിക്ക് പ്രകടനം.

സ്കോട്ട്‌ലൻഡിന്റെ മധ്യനിരത്താരം നിക്ക് ഫറാറായിരുന്നു കുൽദീപിന്റെ ആദ്യ ഇര. കുൽദീപിന്റെ പന്ത് സ്വീപ്പ് ചെയ്യാൻ ശ്രമിച്ച നിക്കിനെ ദീപഖ് ഹൂഡ പിടിച്ച് പുറത്താക്കുകയായിരുന്നു. കൈൽ സ്റ്റെർലിങ്ങായിരുന്നു കുൽദീപിന്റെ രണ്ടാമത്തെ ഇര. തന്റെ വജ്രായുധമായ ഗ്ലൂളിയിലൂടെ സ്റ്റെർലിങ്ങിനെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഇതോടെ ഓവർ പൂർത്തിയാകുകയും ചെയ്തു. തന്റെ അടുത്ത ഓവറിലെ ആദ്യ പന്തിൽ അലക്സ് ബൗമിന്റെ കുറ്റിതെറുപ്പിച്ച് കുൽദീപ് ഹാട്രിക്ക് നേട്ടം ആഘോഷിച്ചു.

അണ്ടർ 19 ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന നേട്ടം കുൽദീപ് യാദവിന്റെ പേരിലാണ്. മത്സരത്തിൽ 4 വിക്കറ്റാണ് കുൽദീപ് നേടിയത്. കളിയിലെ താരവും ഈ ചൈനമാൻ സ്പിന്നർ തന്നെയായിരുന്നു.

ഇന്നലെ ഈഡൻഗാർഡൻസിൽ തന്റെ ഏട്ടാം ഓവറിലാണ് കുൽദീപ് ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയത്. മാത്യു വെയ്ഡ്, ആഷ്ടൺ ആഗർ, പാറ്റ് കമ്മിൻസ് എന്നിവരുടെ വിക്കറ്റാണ് കുൽദീപ് വീഴ്ത്തിയത്.

മുപ്പത്തി മൂന്നാം ഓവറിലെ രണ്ടാം പന്തിലായിരുന്നു മാത്യുവെയിഡിന്റെ വിക്കറ്റ് കുൽദീപ് പിഴുതത്. ചൈനമാൻ സ്പിന്നറായ കുൽദീപിന്റെ ഗ്ലൂളി വെയ്ഡിന്റെ ബാറ്റിൽ തട്ടി സ്റ്റംമ്പിൽ പതിക്കുകയായിരുന്നു.

തൊട്ടടുത്തതായി ക്രീസിൽ എത്തിയത് ഇടങ്കയ്യൻ ബാറ്റ്സ്മാൻ ആഷ്ടൺ ആഗർ. കുൽദീപിന്രെ ഒരു സ്ട്രൈറ്റ് ബോൾ പ്രതിരോധിക്കുന്നതിൽ ആഗർ പരാജയപ്പെടുന്നു. വിക്കറ്റിന് മുന്നിൽവച്ച് പന്ത് പാഡിൽ തട്ടിയതിനാൽ ഇന്ത്യൻ താരങ്ങൾ എൽബിഡബ്ലുവിന് അപ്പീൽ ചെയ്തു. വിക്കറ്റാണെന്ന് തീരുമാനിക്കാൻ അമ്പയർക്ക് ആരുടെയും സഹായം വേണ്ടിയിരുന്നില്ല.

അടുത്ത ഊഴം പാറ്റ് കമ്മിൻസിന്രേതായിരുന്നു. ഹാട്രിക്ക് ബോളിൽ തന്റെ വജ്രായുധമായ ഗ്ലൂളി പരീക്ഷിച്ച കുൽദീപ് പാറ്റ്കമ്മിൻസിനെ ധോണിയുടെ കൈകളിൽ എത്തിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ പുണ്യഭൂമിയിൽ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷം കുൽദീപ് ശരിക്കും ആഘോഷിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ