ഏകദിന ക്രിക്കറ്റില്‍ നൂറ് വിക്കറ്റുകള്‍ സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ കുല്‍ദീപ് യാദവും. അതിവേഗം നൂറ് വിക്കറ്റുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ സ്പിന്നർ എന്ന നേട്ടം കുല്‍ദീപ് സ്വന്തമാക്കി. രജ്കോട്ട് ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ രണ്ട് വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്.
38-ാം ഓവറില്‍ അലക്സ് ക്യാരിയെ പുറത്താക്കിയപ്പോള്‍ കുല്‍ദീപ് നൂറ് വിക്കറ്റ് ക്ലബില്‍ ഇടം പിടിച്ചു. ഏകദിന ക്രിക്കറ്റില്‍ നൂറ് വിക്കറ്റുകള്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ കുല്‍ദീപിനു വേണ്ടിവന്നത് വെറും 58 ഏകദിനങ്ങളാണ്. 76 ഏകദിനങ്ങളില്‍ നിന്ന് നൂറ് വിക്കറ്റുകള്‍ സ്വന്തമാക്കിയ ഹര്ഭജന് സിങ്ങിനെയാണ് കുല്‍ദീപ് മറികടന്നത്.
അതിവേഗത്തില്‍ നൂറ് വിക്കറ്റുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ബോളര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് കുല്‍ദീപ്. 56 ഏകദിനങ്ങളില്‍ നിന്ന് നൂറ് വിക്കറ്റുകള്‍ സ്വന്തമാക്കിയ മൊഹമ്മദ് ഷമിയാണ് ഒന്നാം സ്ഥാനത്ത്. 57 ഏകദിനങ്ങളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനത്തുണ്ട്.
Read Also: Horoscope Today January 18, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
അതേസമയം, ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ 36 റൺസിനാണ് വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 340 റൺസ് പിന്തുടർന്ന ഓസീസിന്റെ ഇന്നിങ്സ് 304 ൽ അവസാനിച്ചു. 49.1 ഓവറിൽ 304 റൺസിന് ഓസ്ട്രേലിയയുടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. അഞ്ച് പന്ത് ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ വിജയം. ഇതോടെ ഏകദിന പരമ്പര 1-1 എന്ന നിലയിലായി. അവസാന ഏകദിനം ഇരു ടീമുകൾക്കും നിർണായകമാകും.
ഇന്ത്യയുടെ സ്കോർ പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ഇടവേളകളിലെ വിക്കറ്റ്വീഴ്ച തിരിച്ചടിയായി. ഓസീസിനുവേണ്ടി സ്റ്റീവ് സ്മിത്ത് 102 പന്തിൽ നിന്ന് 98 റൺസ് നേടി. മാർനസ് ലാബുഷെയ്ൻ 46 റൺസ് നേടി. മറ്റാർക്കും കാര്യമായ പ്രകടനം നടത്താൽ സാധിച്ചില്ല. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ നേടി. നവദീപ് സെെനി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി.