രാജ്കോട്ട്: വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവിന്റെ പേരില്‍ റെക്കോഡും. അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ചൈനാമാന്‍ ബൗളറെന്ന വിശേഷമാണ് കുല്‍ദീപ് സ്വന്തം പേരില്‍ കുറിച്ചത്. കുല്‍ദീപിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. നേരത്തെ ടിട്വന്റിയും ഏകദിനത്തിലും കാണ്‍പുര്‍താരം അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചിരുന്നു.

ഒപ്പം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏഷ്യന്‍ താരമെന്ന റെക്കോഡും ഇരുപത്തിമൂന്നുകാരന്‍ സ്വന്തമാക്കി. ഇതിന് മുമ്പ് 2017-ല്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയുടെ ചൈനാമാന്‍ ബോളര്‍ ലക്ഷണ്‍ സണ്ടകന്‍ അഞ്ച് വിക്കറ്റെടുത്തിരുന്നു. പടുകൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന വിന്റീസ് ആദ്യ ഇന്നിങ്‌സില്‍ 181 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 196 റണ്‍സിനും പുറത്തായി. ഇന്നിങ്‌സിനും 272 റണ്‍സിനുമാണ് വിജയിച്ചത്.

ഇന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യാനിറങ്ങിയ വിന്റീസിന് വേണ്ടി കീറണ്‍ പവലാണ് പിടിച്ചുനിന്നത്. ഒരറ്റത്ത് നിന്ന പവല്‍ 93 പന്തില്‍ നാല് സിക്‌സും എട്ട് ഫോറും അടക്കം 83 റണ്‍സ് നേടി. എന്നാല്‍ മറുഭാഗത്ത് 20 റണ്‍സെങ്കിലും നേടിയത് ഒരൊറ്റ താരമാണ്. റോസ്റ്റണ്‍ ചേസായിരുന്നു ഇത്.

കുല്‍ദീപ് യാദവാണ് രണ്ടാം ഇന്നിങ്‌സില്‍ വിന്റീസിനെ തകര്‍ത്തുവിട്ടത്. അഞ്ച് വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ആര്‍ അശ്വിന്റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ ബോളിങില്‍ മികച്ച് നിന്നത്.

ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രത്ത്വെയ്റ്റ് (10), ഷായി ഹോപ് (17), ഷിംറോണ്‍ ഹിറ്റ്മെയര്‍ (11), കീമോ പോള്‍ (15) എന്നിവര്‍ രണ്ടക്കം കടന്നു. എന്നാല്‍ സുനില്‍ അംബ്രിസ് പൂജ്യത്തിനും ദേവേന്ദ്ര ബിഷു ഒന്‍പത് റണ്‍സിനും പുറത്തായി.

ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിംഗ്‌സ് 649/9 എന്ന കൂറ്റന്‍ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഈ സ്‌കോര്‍ പിന്തുടര്‍ന്ന്, ആദ്യ ഇന്നിംഗ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് 181 റണ്‍സിന് പുറത്തായി. ഇതോടെ 468 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഇന്ത്യ നേടിയത്. തുടര്‍ന്ന് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ഫോളോ ഓണിനയച്ചു. 94/6 എന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് ഇന്ന് 87 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുളളൂ. ഇതിനിടെ അവശേഷിച്ച 4 വിക്കറ്റുകള്‍ കൂടി നഷ്ടമായി.

സ്പിന്നര്‍മാരുടെ കരുത്തിലാണ് ഇന്ത്യ സന്ദര്‍ശകരെ ചുരുട്ടികൂട്ടിയത്. ഇന്ത്യക്കായി രവിചന്ദ്രന്‍ അശ്വിന്‍ 4 വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി. മത്സരത്തില്‍ ഫോളോ ഓണ്‍ ചെയ്യുന്ന വെസ്റ്റിന്‍ഡീസ് അവസാന വിവരം ലഭിക്കുമ്പോള്‍ അവരുടെ രണ്ടാം ഇന്നിംഗ്‌സില്‍ 13/0 എന്ന നിലയിലാണ്.

48 ഓവറില്‍ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ച വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ 53 റണ്‍സെടുത്ത റോസ്റ്റന്‍ ചേയ്‌സിനും, 47 റണ്‍സെടുത്ത കീമോ പോളിനും മാത്രമേ തിളങ്ങാനായുള്ളു. നാല് വിന്‍ഡീസ് ബാറ്റ്‌സ്മാന്മാരാണ് രണ്ടക്കം കാണാതെ പുറത്തായത്.

ഇന്നലെ രവീന്ദ്ര ജഡേജ കൂടി സെഞ്ചുറി തികച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 600 കടക്കുകയായിരുന്നു. ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ലെയര്‍ ചെയ്തു. 100 റണ്‍സുമായി രവീന്ദ്ര ജഡേജയും 2 റണ്‍സുമായി മുഹമ്മദ് ഷമിയും ക്രീസില്‍ നില്‍ക്കെയാണ് കോഹ്ലി ഇരുവരെയും മടക്കി വിളിച്ചത്.

ആദ്യദിനത്തില്‍ അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായുടെ സെഞ്ചുറി മികവില്‍ ഇന്ത്യ മികച്ച സ്‌കോര്‍ നേടിയിരുന്നു. 134 റണ്‍സുമായാണ് തന്റെ അരങ്ങേറ്റ ഇന്നിങ്‌സ് പൃഥ്വി ഷാ അവസാനിപ്പിച്ചത്. 154 പന്ത് ബാറ്റ് ചെയ്ത്, ദേവന്ദ്ര ബിഷുവിന്റെ പന്തില്‍ പുറത്തായി മടങ്ങുമ്പോഴേക്കും പൃഥ്വി ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ