ധരംശാല: നിർണായകമായ അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 300 റൺസിന് പുറത്ത്. സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയുടെ മികവിൽ കൂറ്റൻ സ്കോറിലേക്ക് മുന്നേറിയ കങ്കാരുപ്പടയെ അരങ്ങേറ്റക്കാരൻ കുൽദീപ് യാദവാണ് തകർത്തത്. അർധസെഞ്ചുറി നേടിയ ഡേവിഡ് വാർണറുടേതുൾപ്പടെ 4 വിക്കറ്റുകളാണ് കുൽദീപ് യാദവ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളി അവസാനിപ്പിച്ചു.

പരുക്കിനെ തുടർന്ന് വിരാട് കോഹ്‌ലി നാലാം ടെസ്റ്റിൽ കളിക്കുന്നില്ല എന്ന വാർത്ത എത്തിയതോടെ ആരാധകർ ഞെട്ടി. കോഹ്‌ലിക്ക് പകരം ടീമിലെടുത്തത് കുൽദീപ് യാദവ് എന്ന ഇടങ്കയ്യൻ സ്പിന്നർ ആണെന്ന് അറിഞ്ഞപ്പോൾ ആരാധകരുടെ നെറ്റി ചുളിഞ്ഞു. ഇശാന്ത് ശർമ്മയ്ക്ക് പകരം ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തിയതും ഞെട്ടിക്കുന്ന തീരുമാനമായി. എന്നാൽ ഒരു റൺസ് എടുത്ത മാറ്റ് റെൻഷോയെ തുടക്കത്തിലേ മടക്കി ഉമേഷ് യാദവ് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. പിന്നീടെത്തിയ സ്റ്റീവ് സ്മിത്ത് ഇന്ത്യൻ ബോളർമാരെ കടന്നാക്രമിച്ചതോടെ സ്കോർബോർഡ് വേഗത്തിൽ ചലിച്ചു. പരമ്പരയിൽ ആദ്യമായി അർധസെഞ്ചുറി പിന്നിട്ട ഡേവിഡ് വാർണർ 56 റൺസാണ് എടുത്തത്.

Australia’s Peter Handscomb, right, is dismissed by India’s Kuldeep Yadav during the first day of their fourth test cricket match in Dharmsala, India, Saturday, March 25, 2017. (AP Photo/Tsering Topgyal)

രണ്ടാം സെഷനിൽ കളി മാറി, ഇന്ത്യയുടെ ചൈനമാൻ സ്പിന്നർ കുൽദീപ് യാദവ് കളം പിടിച്ചു. 56 റൺസ് എടുത്ത വാർണറെ രഹാനയുടെ കൈകളിൽ എത്തിച്ച് കുൽദീപ് തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. പിന്നാലെ വന്ന ഷോൺ മാർഷിനെ(4) സാഹയുടെ കൈകളിൽ​​​ എത്തിച്ച് ഉമേഷ് യാദവ് കുൽദീപിന് പിന്തുണ നൽകി. പിന്നീടെത്തിയ പീറ്റർ ഹാൻസ്കോമ്പിന്റേയും (8) ഗ്ലെൻ മാക്സ്‌വെല്ലിന്റേയും (8) കുറ്റിതെറിപ്പിച്ച് കുൽദീപ് യാദവ് ഓസ്ട്രേലിയയുടെ മധ്യനിരയെ തകർത്തു. ഇതിനിടെ നായകൻ സ്റ്റീവ്​ സ്മിത്ത് സെഞ്ചുറി പൂർത്തീകരിച്ചു. 14 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് സ്മിത്ത് 111 റൺസ് നേടിയത്. കങ്കാരുക്കളുടെ നായകനെ അശ്വിനും വീഴ്ത്തിയതോടെ ഓസീസ് പെട്ടെന്ന് പുറത്താകുമെന്ന് തോന്നിച്ചു. പക്ഷെ വാലറ്റത്തെ കൂട്ടുപിടിച്ച് ഡ്വേയിൻ വേയ്ഡ് ഓസീസ് സ്കോർ 300 എത്തിച്ചു. 57 റൺസാണ് വെയിഡിന്റെ സമ്പാദ്യം. ഇന്ത്യക്കായി കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഉമേഷ് യാദവ് 2 വിക്കറ്റും വീഴ്ത്തി, ഓരോ വിക്കറ്റ് വീതം വീഴ്ത്തി അശ്വിനും, ഭുവനേശ്വർ കുമാറും, ജഡേജയും ഓസീസ് വധത്തിൽ പങ്കാളികളായി.

India’s Ravindra Jadeja, center, celebrates the dismissal of Australia’s Matthew Wade during the first day of their fourth test cricket match in Dharmsala, India, Saturday, March 25, 2017. (AP Photo/Tsering Topgyal)

നാല് ദിനങ്ങൾ ശേഷിക്കെ ധരംശാലയിലെ മത്സരം സമനിലയിൽ പിരിയില്ല എന്ന് ഉറപ്പാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook