കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ കങ്കാരുക്കളെ ചുട്ടെരിച്ച് കുൽദീപ് യാദവ്. ഹാട്രിക്ക് നേട്ടത്തോടെ ഓസ്ട്രേലിയയെ തോൽവിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ് ഈ ഇടങ്കയ്യൻ സ്പിന്നർ. ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ താരമാണ് കുൽദീപ് യാദവ്. കപിൽ ദേവ്, ചേതൻ ശർമ്മ എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. തന്റെ ഏട്ടാം ഓവറിലാണ് കുൽദീപ് ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയത്. മാത്യു വെയ്ഡ്, ആഷ്ടൺ ആഗർ, പാറ്റ് കമ്മിൻസ് എന്നിവരുടെ വിക്കറ്റാണ് കുൽദീപ് വീഴ്ത്തിയത്.
A hat-trick for @imkuldeep18. He becomes the third Indian to achieve this feat, after Kapil Dev and Chetan Sharma #INDvAUS pic.twitter.com/1VNgiDUvzj
— BCCI (@BCCI) September 21, 2017
മുപ്പത്തി മൂന്നാം ഓവറിലെ രണ്ടാം പന്തിലായിരുന്നു മാത്യുവെയിഡിന്റെ വിക്കറ്റ് കുൽദീപ് പിഴുതത്. ചൈനമാൻ സ്പിന്നറായ കുൽദീപിന്റെ ഗ്ലൂളി വെയ്ഡിന്റെ ബാറ്റിൽ തട്ടി സ്റ്റംമ്പിൽ പതിക്കുകയായിരുന്നു.
തൊട്ടടുത്തതായി ക്രീസിൽ എത്തിയത് ഇടങ്കയ്യൻ ബാറ്റ്സ്മാൻ ആഷ്ടൺ ആഗർ. കുൽദീപിന്രെ ഒരു സ്ട്രൈറ്റ് ബോൾ പ്രതിരോധിക്കുന്നതിൽ ആഗർ പരാജയപ്പെടുന്നു. വിക്കറ്റിന് മുന്നിൽവച്ച് പന്ത് പാഡിൽ തട്ടിയതിനാൽ ഇന്ത്യൻ താരങ്ങൾ എൽബിഡബ്ലുവിന് അപ്പീൽ ചെയ്തു. വിക്കറ്റാണെന്ന് തീരുമാനിക്കാൻ അമ്പയർക്ക് ആരുടെയും സഹായം വേണ്ടിയിരുന്നില്ല.
#AUSvIND Kuldeep Yadav took Hat-Trick. #Australia pic.twitter.com/t46i0ore80
— Bharat Sharma (@DekhoIsko) September 21, 2017
അടുത്ത ഊഴം പാറ്റ് കമ്മിൻസിന്രേതായിരുന്നു. ഹാട്രിക്ക് ബോളിൽ തന്റെ വജ്രായുധമായ ഗ്ലൂളി പരീക്ഷിച്ച കുൽദീപ് പാറ്റ്കമ്മിൻസിനെ ധോണിയുടെ കൈകളിൽ എത്തിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ പുണ്യഭൂമിയിൽ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷം കുൽദീപ് ശരിക്കും ആഘോഷിച്ചു.