ഓക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരവും ജയിച്ച് പരമ്പരയിൽ ആധിപത്യം തുടരുകയാണ് ഇന്ത്യ. എന്നാൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ബെഞ്ചിലായിരുന്നു സ്‌പിന്നർ കുൽദീപ് യാദവിന്റെ സ്ഥാനം. രണ്ട് മത്സരങ്ങളിലും ടീമിലേക്ക് പരിഗണിച്ചത് ചാഹലിനെയായതിനാൽ താരം ഇന്നും പുറത്തിരുന്നു. അങ്ങനെ ഡ്രസിങ് റൂമിലിരുന്ന് ബോറടിച്ച കുൽദീപ് യാദവ് മറ്റൊരു പണി തേടി പോയി. ആ യാത്ര അവസാനിച്ചത് മത്സരം തത്സമയം പകർത്തുന്ന ക്യാമറമാന്റെ അടുത്തും.

വൈകാതെ ക്യാമറാമാന്റെ റോളിൽ കുൽദീപ് യാദവ് ഉത്തരവാദിത്വം ഏറ്റെടുത്തു. തത്സമയം സംപ്രേഷണം ചെയ്യുന്ന മത്സരത്തില്‍ ന്യൂസീലന്‍ഡ് ഇന്നിങ്‌സിലെ 15,16 ഓവറുകളിലാണ് ഇന്ത്യന്‍ സ്പിന്നര്‍ ക്യാമറയ്ക്ക് പിന്നിലെത്തിയത്. ബാറ്റ്സ്മാന്മാരെ വട്ടം കറക്കുന്ന ചൈനാമാൻ ബോളർ ക്യാമറ ചലിപ്പിച്ചത് വൈകാതെ തന്നെ സോഷ്യൽ മീഡിയയും ഏറ്റെടുത്തു. കുൽദീപ് ഷൂട്ട് ചെയ്യുന്നത് യഥാർത്ഥ ക്യാമറമാൻ മൊബൈലിൽ പകർത്തുകയായിരുന്നു.

ഇതിനിടയിലാണ് കുൽദീപിനോട് കളിയെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ച് കമന്റേറ്ററുടെ ചോദ്യം എത്തുന്നത്. ചാഹൽ എങ്ങനെ പന്തെറിയുന്നതാകും ഉചിതമെന്നായിരുന്നു ചോദ്യം. വിക്കറ്റ് ടൂ വിക്കറ്റ് ഒന്ന് ഒറ്റവാക്കിൽ ഉത്തരം നൽകി കുൽദീപ് വീണ്ടും കർമ്മനിരതനായി.

Also Read: ഇതൊക്കെയെന്ത്? വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ റോളിൽ പുതിയ റെക്കോർഡുമായി കെ.എൽ.രാഹുൽ

ഇതിനുമുമ്പും ക്യാമറമാനായി കുൽദീപ് എത്തിയിട്ടുണ്ട്. 2019 ഫെബ്രുവരി 10-ന് ഈഡൻ പാർക്കിൽ നടന്ന ഇന്ത്യ-ന്യൂസിലൻഡ് ടി20 മത്സരത്തിലാണ് ഇതിനുമുമ്പ് കുൽദീപ് ക്യാമറമാനായത്.

Also Read: കിവികളെ എറിഞ്ഞും അടിച്ചും വീഴ്ത്തി ഇന്ത്യ; വിജയനായകന്മാരായി വീണ്ടും രാഹുലും അയ്യരും

അതേസമയം ബാറ്റിങ്ങിലും ബോളിങ്ങിലും ആധിപത്യം തുടർന്ന ഇന്ത്യ അനായാസം ഓക്‌ലൻഡിലെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി. രാഹുലും ശ്രേയസും ജഡേജയുമാണ് ഇന്ത്യൻ വിജയശിൽപ്പികൾ. ആതിഥേയർ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. കിവികളെ 132 റൺസിന് പിടിച്ചുകെട്ടിയ ഇന്ത്യയുടെ ജയം 2.3 ഓവർ ബാക്കി നിർത്തിയായിരുന്നു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ 2-0ന് ഇന്ത്യ മുന്നിട്ടു നിൽക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook