ഇന്ത്യൻ ക്രിക്കറ്റിൽ മഹേന്ദ്ര സിങ് ധോണിയുടെ കാലം കഴിഞ്ഞുവെന്നാണ് വിമർശകരുടെ വാദം. എന്നാൽ ഓരോ മൽസരം കഴിയുന്തോറും ധോണി വിമർശകരുടെ വായ് മൂടിക്കെട്ടുകയാണ്. ഓരോ മൽസരത്തിലും ബാറ്റ്സ്മാനായും വിക്കറ്റ് കീപ്പറായും മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീമിന് ധോണി ജയം നേടിക്കൊടുക്കുന്നു. ജൂനിയർ താരങ്ങൾക്ക് വേണ്ട നിർദേശം നൽകിയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ വേണ്ടസമയത്ത് സഹായിച്ചും ധോണി ഇന്ത്യൻ ടീമിന്റെ നെടുതൂണായി നിലകൊളളുന്നു.
ലോകത്തിലെ തന്നെ മികച്ച വിക്കറ്റ് കീപ്പർമാരിലൊരാണ് ധോണി. പല തവണ ധോണി ഇത് തെളിയിച്ചു കഴിഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ഏകദിനത്തിലും വിക്കറ്റ് കീപ്പിങ്ങിലെ ധോണി സ്റ്റൈൽ ക്രിക്കറ്റ് ലോകം കണ്ടു. 36-ാം ഓവറിൽ കുൽദീപ് യാദവ് ആയിരുന്നു ബോളിങ്ങിനായി എത്തിയത്. ട്രാവിസ് ഹെഡ് ആയിരുന്നു ബാറ്റ്സ്മാൻ. കുൽദീപ് നല്ല സ്പീഡിൽ ബോൾ എറിഞ്ഞു. തറയിൽ മുട്ടിയ ബോൾ നല്ല സ്പീഡിൽതന്നെ ഉയർന്നു പൊങ്ങി. ധോണിയുടെ കണ്ണുകൾ അപ്പോഴേക്കും ബോളിൽ പതിഞ്ഞിരുന്നു. തന്റെ തലയ്ക്കുനേരെ ഉയർന്നുവന്ന ബോൾ ധോണി സ്റ്റെലായി പിടിച്ചു. പക്ഷേ ബോൾ പിടിക്കുന്നതിനിടയിൽ ബോലൻസ് കിട്ടാതെ ധോണി താഴെ വീണു. ഇതുകണ്ട കോഹ്‌ലിക്ക് ചിരിയടക്കാനായില്ല. കോഹ്‌ലി ചിരിച്ചു, ഇതു കണ്ടപ്പോൾ ധോണിക്കും ചിരി സഹിക്കാനായില്ല. ധോണിയും ചിരിച്ചു.
അഞ്ചാം ഏകദിനത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യൻ ടീം ഓസ്ട്രേലിയയെ തകർത്തത്. രോഹിത് ശർമയാണ് മുന്നിൽനിന്ന് ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തത്. രോഹിത് തന്റെ കരിയറിലെ 14-ാമത് സെഞ്ചുറിയും മൽസരത്തിൽ കുറിച്ചു. ഈ വിജയത്തോടെ ഐസിസി ഏകദിന റാങ്കിൽ ഒന്നാം സ്ഥാനം ഇന്ത്യ തിരികെ പിടിക്കുകയും ചെയ്തു. സൗത്ത് ആഫ്രിക്കയെ താഴെയിറക്കിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.